വീണ്ടും ഗാക്പോ മാജിക്; നെതർലൻഡ്‌സ് പ്രീക്വാർട്ടറിൽ
നെതർലൻഡിനായി കോഡി ഗാക്‌പോയും ഫ്രാങ്കി ഡിയോങ്ങുമാണ് വലകുലുക്കിയത്.
ദോഹ: ലോകകപ്പ് ഗ്രൂപ്പ് എയിൽ ഖത്തറിനെ വീഴ്ത്തി നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതർലൻഡ്‌സിന്റെ വിജയം. നെതർലൻഡിനായി കോഡി ഗാക്‌പോയും ഫ്രാങ്കി ഡിയോങ്ങുമാണ് വലകുലുക്കിയത്. ഇതോടെ ഗ്രൂപ്പ് എയിൽ ഏഴ് പോയിന്റോടെ നെതർലൻഡ്‌സ് ഒന്നാം സ്ഥാനക്കാരായി.
കളിയുടെ 26ാം മിനിറ്റിൽ കോഡി ഗാക്‌പോയാണ് നെതർലന്‍ഡിനായി ആദ്യം വലകുലുക്കിയത്. ഗോൾമുഖത്തേക്ക് നടത്തിയ നിരന്തരമായ മുന്നേറ്റങ്ങൾക്കൊടുവിലാണ് ഗാക്‌പോയുടെ ഗോൾ പിറന്നത്. ഡേവി ക്ലാസൻ നീട്ടി നൽകിയ പന്തിനെ പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി നിർത്തി ഗാക്‌പോ ഗോൾവലയിലെത്തിച്ചു. ഈ ടൂര്‍ണമെന്‍റില്‍ ഗാക്പോയുടെ മൂന്നാം ഗോളാണിത്. നേരത്തേ സെനഗലിനെതിരെയും ഇക്വഡോറിനെതിരെയും ഗാക്പോ സ്കോര്‍ ചെയ്തിരുന്നു.
49 ാം മിനിറ്റിലാണ് സൂപ്പര്‍ താരം ഫ്രാങ്കി ഡിയോങ്ങിന്‍റെ ഗോള്‍ പിറന്നത്. ഗോള്‍ മുഖത്ത് വച്ച് ഡീപേ അടിച്ച പന്ത് ഖത്തര്‍ ഗോളി ബര്‍ഷാം മനോഹരമായി തടുത്തിട്ടെങ്കിലും റീബൌണ്ടില്‍ ഡിയോങ് വലകുലുക്കുകയായിരുന്നു.
മത്സരത്തില്‍ കളത്തിലും കണക്കിലും നെതർലന്‍ഡായിരുന്നു മുന്നിൽ. ഖത്തർ ഗോൾമുഖം ലക്ഷ്യമാക്കി 13 ഷോട്ടുകളാണ് നെതർലന്‍ഡ് ഉതിർത്തത്. മത്സരത്തില്‍ 63 ശതമാനം നേരവും പന്ത് കൈവശം വച്ചതും നെതർലഡ്സ് തന്നെ.
ടീം ലൈനപ്പ്
നെതർലൻഡ്‌സ്: ആൻഡ്രൈസ് നോപ്പെർട്ട്, ഡാലി ബ്ലിൻഡ്, നഥാൻ അകെ, വിർജിൽ വാൻ ജൈക്, യുരിയൻ ടിംബർ, ഡെൻസെൽ ഡംഫ്രീസ്, മാർട്ടിൻ ഡെ റോൺ, ഡേവി ക്ലാസൻ, ഫ്രെങ്കി ഡി ജോങ്, കോഡി ഗാക്‌പോ, മെംഫിസ് ഡിപേ.
ഖത്തർ: മിഷാൽ ബർഷാം, പെഡ്രോ മിഗ്വേൽ, അബ്ദുൽ കരീം ഹസ്സൻ, അബ്ദുൽ അസീസ് ഹാതിം, ഹസ്സൻ അൽഹൈദ്രോസ്, അക്രം അഫീഫ്, ഇസ്മായിൽ മുഹമ്മദ്, ഹുമാം അഹ്മദ്, അസീം മാദിബോ, ബൗലം ഖൗഖി, അൽമുഇസ് അലി.