തലതാഴ്ത്തി ബെൽജിയം; ക്രൊയേഷ്യ പ്രീക്വാർട്ടറിൽ
ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം
ദോഹ: ഗ്രൂപ്പ് എഫിലെ ബെൽജിയം-ക്രൊയേഷ്യ മത്സരം ഗോൾരഹിത സമനിലയിൽ. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്തി. ലോക രണ്ടാം സ്ഥാനക്കാരായ ബെൽജിയം പ്രീക്വാർട്ടർ കാണാതെ പുറത്തായി.
മത്സരത്തിന്റെ 15ാം മിനുറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും 'വാർ' പരിശോധനയിൽ ക്രൊയേഷ്യൻ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അനുവദിച്ച പെനാൽറ്റിയും നിഷേധിച്ചു.
12ാം മിനുറ്റിൽ പെനാൽറ്റി ബോക്സിൽ നിന്ന് കരാസ്‌ക്കോ അടിച്ച ഷോട്ട് ഡിഫെൻഡറുടെ കാലിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് ഇരുടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾനേടാൻ സാധിച്ചില്ല.
മത്സരത്തിന്റെ 60ാം മിനുറ്റിൽ മുന്നിലെത്താൻ ബെൽജിയത്തിന് സുവർണാവസരം ലഭിച്ചെങ്കിലും ലുക്കാക്കുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. പിന്നീട് ക്രൊയേഷ്യ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബെൽജിയത്തിന്റെ പ്രതിരോധക്കോട്ടയിൽ തട്ടി തെറിക്കുകയായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം ഗോൾകീപ്പർ പോലും പോസ്റ്റിൽ ഇല്ലാതെ ലുക്കാക്കുവിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾവര കടത്താൻ താരത്തിന് സാധിച്ചില്ല.
മത്സരത്തിൽ ക്രൊയേഷ്യൻ പോസ്റ്റ് ലക്ഷ്യമാക്കി ബെൽജിയം 16 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടാണ് ക്രൊയേഷ്യ അടിച്ചത്. ബോൾ കൈവശം വെക്കുന്നതിൽ ഇരുടീമുകളും തുല്യത പാലിച്ചു.
3-4-2-1 എന്ന ഫോർമേഷനിൽ ബെൽജിയം കളത്തിലിറങ്ങുമ്പോൾ 4-3-3 എന്ന ഫോർമേഷനിലാണ് ക്രൊയേഷ്യ മത്സരത്തിനിറങ്ങിയത്. സമനില നേടിയതോടെ ക്രൊയേഷ്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. രണ്ട് ജയവും ഒരു സമനിലയും നേടിയ മൊറോക്കോയാണ് ഗ്രൂപ്പിൽ ഒന്നാമത്.
ടീം ലൈനപ്പ്: ബെൽജിയം
ഗോൾകീപ്പർ: തിബോ കോർട്വാ
പ്രതിരോധനിര: വെർടോഗൻ,ഡെൻഡോൻകർ, ആൽദർവെയ്‌റൽഡ്
മധ്യനിര: മുയ്‌നീർ, ഡിബ്രുയ്‌നെ, വിട്‌സെൽ, കസ്റ്റാഗ്‌നെ
മുന്നേറ്റനിര: ട്രൊസാർഡ്, ഫെറെയ്‌റ കറാസ്‌കോ, മെർട്ടൻസ്
ക്രൊയേഷ്യ
ഗോൾകീപ്പർ: ലിവാക്കോവിക്
പ്രതിരോധനിര: ജുറാനോവിക്, ലൗറൻ, ഗാർഡിയോൾ, സോസ
മധ്യനിര: മോഡ്രിച്ച്, ബ്രാസോവിക്, കൊവസിച്ച്
മുന്നേറ്റനിര: പെരിസിച്ച്, ക്രമാരിച്ച്, ലിവാജ