"മെസി ഇല്ലെങ്കിൽ ഞാനുമില്ല", അഗ്യൂറോയും ബാഴ്‍സക്ക് നഷ്ടമാകുമോ?
മെസി ക്ലബിൽ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ബാഴ്സലോണയിൽ കളിക്കാൻ താല്പര്യമില്ല എന്ന നിലപാടിലാണ് അഗ്യൂറോ ഉള്ളതെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു
ലയണൽ മെസ്സി ബാഴ്സലോണയിൽ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ സെര്‍ജിയോ അഗ്യൂറോ ബാഴ്സലോണ വിടാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ലയണൽ മെസിക്ക് ഒപ്പം കളിക്കാൻ വേണ്ടി ആയിരുന്നു സെര്‍ജിയോ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‍സലോണയില്‍ എത്തിയത്. എന്നാൽ മെസി ക്ലബിൽ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ബാഴ്സലോണയിൽ കളിക്കാൻ താല്പര്യമില്ല എന്ന നിലപാടിലാണ് അഗ്യൂറോ ഉള്ളതെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Con el compromiso y la pasión de siempre, ahora #Barça 🔵 🔴 Visca el Barça!! pic.twitter.com/HlIoSzhSRq
— Sergio Kun Aguero (@aguerosergiokun) May 31, 2021
മെയ് മാസത്തിൽ ബാഴ്‍സയുമായി കരാര്‍ ഒപ്പിടുമ്പോൾ അഗ്യൂറോ പറഞ്ഞു: "തീർച്ചയായും ഞാൻ മെസിക്കൊപ്പം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് അവനെ നന്നായി അറിയാം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്."
ക്ലബ് വിടാനുള്ള നടപടികൾക്കായി അഗ്യൂറോ തന്റെ വക്കീലിനോട് നിർദ്ദേശം നൽകിയതായാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അഗ്യൂറോ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് ഓഫറുകൾ താരത്തിന് വന്നിരുന്നെങ്കിലും തന്റെ വേതനം വരെ കുറച്ചു കൊണ്ട് ബാഴ്സലോണയിലേക്ക് അഗ്യൂറോ എത്തിയത് മെസിക്കൊപ്പം കളിക്കുക എന്ന ആഗ്രഹം കൊണ്ടാണ്. മെസി ഇല്ലായെങ്കിൽ താൻ ഈ വേതനത്തിന് ബാഴ്സലോണയിൽ കളിക്കേണ്ടതില്ല എന്നാണ് അഗ്യൂറോയുടെ അഭിപ്രായം. എന്നാല്‍ ക്ലബ് വിടാന്‍ താരത്തെ ബാഴ്സലോണ അനുവദിക്കുമോ എന്നത് സംശയമാണ്.