40ൽ പിറന്ന പറക്കും ക്യാച്ച്: സമൂഹമാധ്യമങ്ങളിൽ തരംഗമായി അമിത് മിശ്ര
സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ പറക്കും ക്യാച്ചിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് അമിത് മിശ്ര
ലക്‌നൗ: 40 എന്നത് കായിക മേഖലയിൽ പ്രത്യേകിച്ച് ക്രിക്കറ്റ് കളത്തിൽ വിരമിച്ച് കളി പറയേണ്ട പ്രായമാണ്. എന്നാൽ ആ പ്രായത്തിലും കളിക്കളത്തിൽ സജീവമാകുകയാണ് ലക്‌നൗ സൂപ്പർജയന്റ്‌സിന്റെ മുൻഇന്ത്യൻ താരം അമിത് മിശ്ര. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ പറക്കും ക്യാച്ചിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് അമിത് മിശ്ര. രാഹുൽ ത്രിപാഠിയെ പുറത്താക്കാനായിരുന്നു ആ ക്യാച്ച്.
ഷോട്ട് തേർഡ് മാനിലൂടെ ബൗണ്ടറി പായിക്കാനായിരുന്നു രാഹുൽ ത്രിപാഠിയുടെ ശ്രമം. എന്നാൽ പദ്ധതി പാളിയപ്പോൾ പന്തിന്റെ വേഗത കുറഞ്ഞു. ഈ പൊസിഷനിൽ അൽപ്പം മാറി നിൽക്കുകയായിരുന്ന അമിത് മിശ്ര ഓടിയടുത്ത് ഡൈവിങ്ങിലൂടെ ക്യാച്ച് ചെയ്യുകയായിരുന്നു. അമിത് മിശ്രയുടെ ശ്രമത്തെ സഹതാരങ്ങളെല്ലാം പ്രത്യേകമായി അഭിനന്ദിക്കുന്നതും കാണാമായിരുന്നു. നേരത്തെ പന്തുകൊണ്ടും അമിത് മിശ്ര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവർ എറിഞ്ഞ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. വെറും 23 റൺസ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദ് തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റു. അഞ്ച് വിക്കറ്റിനായിരുന്നു ലക്‌നൗ സൂപ്പർജയന്റ്‌സിന്റെ വിജയം. ആദ്യംബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ്. എന്നാൽ മറുപടി ബാറ്റിങിൽ ലക്‌നൗ 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ലോകേഷ് രാഹുൽ(35) ക്രുണാൽ പാണ്ഡ്യ(34) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലക്‌നൗവിന്റെ വിജയം എളുപ്പമാക്കിയത്. നേരത്തെ നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുക്ക ക്രുണാൽ പാണ്ഡ്യയുടെ മികവിലാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.
ICYMI - A brilliant diving catch by @MishiAmit ends Rahul Tripathi's stay out there in the middle.#TATAIPL #LSGvSRH pic.twitter.com/uJkjykYlJt
— IndianPremierLeague (@IPL) April 7, 2023