ഇന്ത്യൻ ഫുട്ബോളിൽ യുഗാന്ത്യം; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയ ഛേത്രി 150 മത്സരങ്ങളിൽ നിന്നും 94 ഗോളുകൾ നേടിയിട്ടുണ്ട്.
‘‘പോയ 19 വർഷം സമ്മർദ്ദവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു. അടുത്ത മത്സരം എന്റെ അവസാനത്തേതായിരിക്കും. ഈ കാര്യം ഞാനെന്റെ കുടുംബത്തോടും പറഞ്ഞു. അച്ഛൻ സ്വാഭാവികമായാണ് പ്രതികരിച്ചതെങ്കിൽ ഭാര്യയും അമ്മയും കരഞ്ഞു’’ -സുനിൽ ഛേത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
2005 ജൂൺ 12ന് പാകിസ്താനിലെ ക്വാട്ട സ്റ്റേഡിയത്തിൽ പാകിസ്താനെതിരെയായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ഗോൾ രഹിത മത്സരം 65ാം മിനിറ്റിലെത്തവെയാണ് സുനിൽ ഛേത്രിയെന്ന അരങ്ങേറ്റക്കാരൻ പാക് വലയിലേക്ക് നിറയൊഴിക്കുന്നത്. ഇന്ത്യക്കായി ആദ്യ അന്താരാഷ്ട്ര മത്സരത്തിൽതന്നെ ഗോളടിച്ച ഛേത്രി പിന്നീട് സൂപ്പർതാരമായി വളർന്നു.രാജ്യത്തെ മുൻനിര ക്ലബുകളുടെ മാത്രമല്ല, പോർചുഗലിലും അമേരിക്കയിലും താരം പന്തുതട്ടി. ഒരു വേള ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വക്കോളവുമെത്തി.
1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദിൽ ജനിച്ച ഛേത്രി മോഹൻ ബഗാൻ, ബെംഗളൂരു, ചർച്ചിൽ ബ്രദേഴ്സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ അടക്കമുള്ള മുൻ നിര ക്ലബുകൾക്കായെല്ലാം പന്തുതട്ടിയിട്ടുണ്ട്.