സഹലിന് ചുറ്റും നാലു ക്ലബ്ബുകൾ; മികച്ച ഓഫർ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കും
ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹൽ.
കൊച്ചി: മികച്ച ഓഫർ കിട്ടിയാൽ ഇന്ത്യൻ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ വിൽക്കുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കും. ഇന്ത്യൻ ജഴ്‌സിയിൽ മികച്ച ഫോം തുടരുന്ന താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് മാർക്കസ് മർഗൽഹൗ ആണ് പങ്കുവച്ചത്.
'നാലു ക്ലബുകൾ സഹൽ അബ്ദുൽ സമദിനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഓഫറുകൾ കേൾക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറുമാണ്' - എന്നാണ് മാർക്കസ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ (92) ബൂട്ടുകെട്ടിയ താരമാണ് സഹൽ.
മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി എന്നിവയാണ് സഹലിന് വേണ്ടി രംഗത്തുള്ള ക്ലബുകൾ എന്നാണ് റിപ്പോർട്ട്. എ.ടി.കെ മോഹൻബഗാൻ നേരത്തെ രംഗത്തുണ്ടായിരുന്നുവെങ്കിലും മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പയെ ടീമിലെത്തിച്ച സാഹചര്യത്തിൽ താരത്തിനു വേണ്ടി കളത്തിലില്ല. 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരമാണ് സഹല്‍.
സഹലിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിൽ നേരത്തെയും മാർക്കസ് പ്രതികരിച്ചിരുന്നു. സഹലിനെ ബ്ലാസ്റ്റേഴ്‌സിന് വിൽക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, 'അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. മികച്ച വില കിട്ടിയാൽ സഹലിനെയെന്നല്ല, ഏതു താരത്തെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ തയ്യാറാകും. സഹലിനെ സംബന്ധിച്ച് പ്രത്യേകിച്ച് എന്തെങ്കിലും ചർച്ച നടക്കുന്നില്ല. സഹൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലുമുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്'- എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
2017ലെ സന്തോഷ് ട്രോഫി ടൂർണമെന്റിൽ നടത്തിയ മികച്ച പ്രകടനമാണ് സഹലിന് ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്. 2017-18 സീസണിൽ സീനിയർ ടീമിലെത്തി. 2018-19 സീസണിൽ ഐഎസ്എൽ എമർജിങ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. അടുത്ത വർഷത്തോടെ ക്ലബിന്റെ പോസ്റ്റർ ബോയ് ആയി മാറുകയും ചെയ്തു. 2021 വേനൽക്കാല സീസണിൽ സഹലിനായി മൂന്ന് സീനിയർ താരങ്ങളെ കൈമാറ്റം ചെയ്യാമെന്ന് എടികെ മോഹൻ ബഗാൻ വാഗ്ദാനം ചെയ്തെങ്കിലും ബ്ലാസ്റ്റേഴ്സ് നിരസിച്ചു. ഐസ്ലാൻഡ് ടോപ് ടയർ ലീഗ് ക്ലബ്ബായ ബെസ്റ്റ് ഡീൽഡ് കർല സഹലിനെ ഇടക്കാല വായ്പാടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിസാ പ്രശ്നങ്ങൾ മൂലം നടന്നില്ല.