സെൽഫ് ഗോൾ ചതിച്ചു; മരണപ്പോരിൽ ഫ്രാൻസിന് ജയം

ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ തട്ടകമായ അലയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ആക്രമണ രീതിയാണ് അവലംബിച്ചത്.

Update: 2021-06-15 21:02 GMT
Editor : André | By : Sports Desk
Advertising

യൂറോകപ്പിലെ 'മരണഗ്രൂപ്പായ' ഗ്രൂപ്പ് എഫിലെ ആവേശപ്പോരിൽ ജർമനിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ഫ്രാൻസ്. 20-ാം മിനുട്ടിൽ ജർമൻ പ്രതിരോധ താരം മാറ്റ്‌സ് ഹുമ്മൽസിന്റെ സെൽഫ് ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. രണ്ട് തവണ കൂടി ഫ്രാൻസ് പന്ത് വലയിലെത്തിച്ചെങ്കിലും എംബാപ്പെയുടെയും കരീം ബെൻസേമയുടെയും ഗോളുകൾ ഓഫ് സൈഡിൽ കുടുങ്ങി അസാധുവായി.

ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ തട്ടകമായ അലയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ആക്രമണ രീതിയാണ് അവലംബിച്ചത്. കുറിയ പാസുകളുമായി മൈതാനത്തിന്റെ വിശാലത ഉപയോഗപ്പെടുത്തി ജർമനി കളിച്ചപ്പോൾ അതിവേഗ നീക്കങ്ങളായിരുന്നു ഫ്രാൻസിന്റെ ആയുധം. 20-ാം മിനുട്ടിൽ ഇടതുവിങ്ങിൽ നിന്ന് ഹെർണാണ്ടസ് തൊടുത്ത ക്രോസ് ഗോൾമുഖത്ത് എംബാപ്പെയ്ക്ക് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിൽ മാറ്റ്‌സ് ഹുമ്മൽസ് സ്വന്തം വലയിൽ പന്തെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ജർമനി തുടർച്ചയായി ആക്രമണം നയിച്ചെങ്കിലും ഫ്രാൻസിന്റെ പ്രതിരോധം മറികടക്കാനായില്ല. ആതിഥേയരുടെ മികച്ച പല നീക്കങ്ങളുടെയും മുനയൊടുച്ച് എൻഗോളോ കാന്റെയും പോൾ പോഗ്ബയും ഫ്രഞ്ച് നിരയിൽ തിളങ്ങി. ഫ്രാൻസിന്റെ പ്രത്യാക്രമണങ്ങളിൽ പലതവണ ജർമൻ ഗോൾമുഖവും വിറച്ചു.

നേരത്തെ, ഗ്രൂപ്പിലെ മറ്റൊരു വാശിയേറിയ പോരിൽ പോർച്ചുഗൽ ഹംഗറിയെ മൂന്ന് ഗോളിന് തോൽപ്പിച്ചിരുന്നു. 83 മിനുട്ടുവരെ ഹംഗറി പറങ്കിപ്പടയെ മുൾമുനയിൽ നിർത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ പോർച്ചുഗൽ ജയം കാണുകയായിരുന്നു. ഗ്രൂപ്പിൽ പോർച്ചുഗൽ ആണ് നിലവിൽ ഒന്നാം സ്ഥാനത്ത്.

Tags:    

Editor - André

contributor

By - Sports Desk

contributor

Similar News