ബെന്‍സേമ, പോഗ്ബ, കാന്‍റെ; പരിക്കില്‍ തളര്‍ന്ന് ഫ്രഞ്ച് പട
ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതിന് ശേഷം പരിശീലനത്തിനിടെ പരിക്കേറ്റ് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെ താരമാണ് കരീം ബെന്‍സെമ
ദോഹ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ് പരിക്കെന്ന ദുര്‍ഭൂതം. സൂപ്പര്‍ താരം കരിം ബെന്‍സേമ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ബാലന്‍ ദ്യോര്‍ പുരസ്കാര നിറവില്‍ ലോകകപ്പിനെത്തിയ ബെന്‍സേമക്ക് കാല്‍ തുടക്കേറ്റ പരിക്കാണ് വിനയായത്. പരിശീലനത്തിനിടെയാണ് ലോക ഫുട്ബോളര്‍ക്ക് പരിക്കേറ്റത്. ഇടത്തെ തുടയിലെ പരിക്ക് ഗുരുതരമായതിനാൽ മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
''കരിയറിൽ അങ്ങനെ കീഴടങ്ങുന്നവനല്ല ഞാൻ.. എന്നാൽ ഇപ്പോൾ എന്‍റെ സ്ഥാനം മറ്റൊരാൾക്ക് നൽകേണ്ടതായി വരുന്നു.. രാജ്യത്തെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.. ഫ്രാൻസ് ലോകജേതാക്കളാകുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്'' ബെൻസേമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബെൻസേമയുടെ അഭാവം തിരിച്ചടിയാണെങ്കിലും അത് മറികടക്കാനുള്ള കരുത്ത് ടീമിനുണ്ടെന്നാണ് പരിശീലകൻ ദെഷാംപ്സിന്‍റെ വിശ്വാസം.
ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതിന് ശേഷം പരിശീലനത്തിനിടെ പരിക്കേറ്റ് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെ താരമാണ് കരീം ബെന്‍സെമ. നേരത്തേ ടീമിലെ പ്രധാന ഫോർവേഡുകളിൽ ഒരാളായ ക്രിസ്റ്റഫര്‍ എൻകുന്‍കു പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായിയിരുന്നു. യുവതാരം എഡ്വെർഡ് കാമവിങ്കയുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. എന്‍കുന്‍കുവിന്‍റെ ഇടതു മുട്ടിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണ്. ബുണ്ടസ് ലീഗയിൽ ലെപ്‌സിഗിന്‍റെ താരമായ എൻകുൻകു ഫ്രഞ്ച് നിരയിലെ പുത്തന്‍ താരോദയമായി വിലയിരുത്തപ്പെട്ട താരമായിരുന്നു. എന്‍കുന്‍കുവിന് പകരക്കാരനായി ബുണ്ടസ് ലീഗയിലെ തന്നെ ഫ്രാങ്ക്ഫര്‍ട്ടിന്‍റെ മുന്നേറ്റ നിര താരം റാണ്ടൽ കോലോ മുആനി ടീമില്‍ ഇടം പിടിച്ചു.
ലോകകപ്പ് ടീം പ്രഖ്യാപിക്കും മുമ്പേ മധ്യനിരയിലെ രണ്ട് കുന്തമുനകളെ ഫ്രാന്‍സിന് നേരത്തേ നഷ്ടമായിരുന്നു. പോള്‍ പോഗ്ബയും എന്‍കോളെ കാന്റെയും. കഴിഞ്ഞ തവണ ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഫ്രഞ്ച് നിരയിലെ നിര്‍ണ്ണായക സാന്നിധ്യങ്ങളായിരുന്നു പോഗ്ബയും കാന്‍റേയും. കലാശപ്പോരില്‍ പോഗ്ബയടക്കമുള്ളവര്‍ ഫ്രാന്‍സിനായി വലകുലുക്കിയിരുന്നു. മൂന്നാം ലോകകപ്പില്‍ പ്രകടനം വീണ്ടും മിന്നിക്കാമെന്ന പ്രോഗ്ബയുടെ മോഹങ്ങളാണ് മുട്ടിന്‍റെ പരിക്ക് തകര്‍ത്തത്.
കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ മധ്യനിരയിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു എന്‍ഗോളോ കാന്‍റെ. പിന്‍തുടയിലെ ഞരമ്പിനേറ്റ മുറിവാണ് കാന്‍റെക്ക് വിനയായത്. ശസ്ത്രക്രിയക്ക് ശേഷം നാലുമാസത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. ആഗസ്റ്റ് 14ന് ടോട്ടൻഹാമിനെതിരായ ചെൽസിയുടെ കളിക്കുശേഷം കാന്‍റെ ഇതുവരെ മൈതാനത്തിറങ്ങിയിട്ടില്ല. നേരത്തേ പരിക്കിനെ തുടര്‍ന്ന് പി.എസ്.ജി യുടെ സെന്‍റര്‍ ബാക്ക് പ്രെസ്നെല്‍ കിംബെബെയും ടീമില്‍ നിന്ന് പുറത്തായിരുന്നു.