ലോകകപ്പിന് യോഗ്യതയില്ല: സ്റ്റേഡിയം തകർത്ത് നൈജീരിയൻ ആരാധകർ, പൊലീസുമായി അടി
ഡഗൗട്ടുകൾ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍.
ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയം അടിച്ചു തകർത്തു നൈജീരിയൻ ആരാധകർ. ഡഗൗട്ടുകൾ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഘാനയുമായുള്ള മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്.
കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആരാധകരെ പൊലീസ് പിരിച്ചുവിട്ടത്. ആരാധകർ ഗ്യാലറിയില്‍ നിന്ന് നിന്ന് പുറത്തേക്ക് ഓടുന്നതും ഡഗൗട്ടുകളും പരസ്യ ബോർഡുകളും തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. 60,000 ആണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. സ്റ്റേഡിയത്തിലെ ഘാന ആരാധകരെയും കളിക്കാരെയും അക്രമികള്‍ ലക്ഷ്യംവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ണായക മത്സരമായതിനാല്‍ ഏകദേശം 20,000 ടിക്കറ്റുകളാണ് സൌജന്യമായി നല്‍കിയിരുന്നത്.
2006 നു ശേഷം ഇത് ആദ്യമായാണ് നൈജീരിയ ഫിഫ ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെടുന്നത്. ആഫ്രിക്കൻ ഫുട്‌ബോളിന് തന്നെ നാണക്കേട് ആയിരിക്കുകയാണ് സംഭവം. പ്ലേ ഓഫ് മത്സരത്തിൽ നൈജീരിയയെ 1-1 നു സമനിലയിൽ തളച്ചാണ് ഘാന ലോകകപ്പിന് യോഗ്യത നേടിയത്. എവേ ഗോളിന്റെ മികവാണ് ഘാനക്ക് തുണയായത്.
പത്താം മിനിറ്റിൽ ആഴ്‌സണൽ താരം തോമസ് പാർട്ടിയാണ് ഘാനക്കായി ഗോള്‍ നേടിയത്. തുടർന്ന് 22ാമത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ വില്യം ഇകോങ് നൈജീരിയയെ മത്സരത്തിൽ ഒപ്പമെത്തിച്ചെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം ഘാനയെ രക്ഷിക്കുകയായിരുന്നു. 2018ലെ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാതിരുന്ന ആഫ്രിക്കൻ കരുത്തരായ ഘാനയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായി മത്സരം.