ഫൈനൽ തോൽവി വീണ്ടും; ഗാരെത് സൗത്ത്ഗേറ്റ് രാജിവെച്ചു
ലണ്ടൻ: യൂറോകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് രാജിവെച്ചു. യൂറോക്ക് പിന്നാലെ സ്ഥാനമൊഴിയുമെന്ന് സൗത്ത്ഗേറ്റ് പറഞ്ഞിരുന്നെങ്കിലും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കോച്ചായി തുടരാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെക്കുന്നതായി സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്.
‘‘ ഒരു ഇംഗ്ലീഷുകാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കാനും പരിശീലിപ്പിക്കാനും സാധിച്ചത് അഭിമാനമായിക്കാണുന്നു. സാധ്യമായതെല്ലാം ചെയ്തു’’ -സൗത്ത്ഗേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലിവർപൂൾ വിട്ട ജുർഗൻ േക്ലാപ്പ്, ന്യൂകാസിൽ കോച്ച് എഡ്ഡി ഹോ എന്നിവരുടെ പേരാണ് പകരക്കാരനായി പറഞ്ഞുകേൾക്കുന്നത്.
ഇംഗ്ലണ്ടിനെ രണ്ട് മേജർ ഫൈനലിലെത്തിച്ച പരിശീലകൻ എന്ന ഖ്യാതി സൗത്ത്ഗേറ്റിന് മാത്രം സ്വന്തമാണ്. 2016ൽ റോയ് ഹഡ്സണിൽ നിന്ന് ഇംഗ്ലീഷ് പരിശീലക ചുമതലയേറ്റെടുത്തതു മുതൽ ഇതുവരെ 102 മത്സരങ്ങളിൽ നിന്നായി 61 ജയവും 24 സമനിലയുമാണ് സമ്പാദ്യം. യൂറോ കപ്പിൽ ഇതുവരെ 13 കളിയിൽ ഇംഗ്ലണ്ട് സൗത്ത്ഗേറ്റിന് കീഴിൽ തോൽവി അറിഞ്ഞിട്ടില്ല. 2018 ലോകകപ്പിലും 2019 നേഷൻസ് ലീഗിലും സെമിയിലെത്തിച്ചു. 2020,2024 യൂറോ ഫൈനൽ പ്രവേശനമാണ് പ്രധാന നേട്ടം. എന്നാൽ വലിയ പ്രതീക്ഷയോടെയെത്തിയ 2022 ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ മടങ്ങാനായിരുന്നു വിധി. ഇതോടെ സൗത്ത്ഗേറ്റിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് ആരാധകരും ഫുട്ബോൾ വിദഗ്ധരും ഉറച്ചു വിശ്വസിച്ചു. എന്നാൽ ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ ബാറ്റൺ കൈമാറേണ്ടതില്ലെന്ന സുപ്രധാന തീരുമാനമാണ് അധികൃതർ സ്വീകരിച്ചത്.
സൗത്ത് ഗേറ്റിന് നേരെ പലകാലങ്ങളിലായി വിമർശനങ്ങളുമുയർന്നിട്ടുണ്ട്. കളി ശൈലി മുതൽ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പ്രശ്നങ്ങൾ വരെ അതിൽ ഉൾപ്പെടും. പ്രതിഭാസമ്പന്നമായ ഒരു ടീമിനെ ലഭിച്ചിട്ടും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ അറിയില്ലെന്ന പഴി ഈ യൂറോയിലും നിരവധി തവണ നേരിട്ടു. പ്രീമിയർലീഗിലെ മിന്നും താരങ്ങളായ കോബി മൈനുവിനും കോൾ പാൽമറിനുമൊന്നും ആദ്യ മത്സരങ്ങളിൽ അവസരം നൽകാൻ സൗത്ത്ഗേറ്റ് തയാറായില്ല.ഗോളടിക്കാതെ ബാക്ക് പാസ് നൽകിയുള്ള ഈ കളി ശൈലി മോഡേൺ ഫുട്ബോളിന് യോചിച്ചതല്ലെന്ന് ഫുട്ബോൾ പണ്ഡിറ്റുകളും അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ സൗത്ത് ഗേറ്റിന്റെ ടാക്റ്റിക്സുകളും ടീം പ്രകടനവും ഈ വിമർശനം അടിവരയിടുന്നതായിരുന്നു. സെർബിയോട് ഒരു ഗോളിന് വിജയിച്ച ഹാരി കെയിനും സംഘവും ഡെൻമാർക്കിനോടും സ്ലൊവേനിയയോടും സമനില പിടിച്ചാണ് പ്രീക്വാർട്ടറിൽ കടന്നുകൂടിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതായതോടെ ആരാധകരിൽ നിന്ന് നിരന്തരം കൂവലും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു.