615 മത്സരങ്ങളിൽ ബാഴ്‌സയുടെ പ്രതിരോധ മതിൽ; പിക്വെ നാളെ അവസാന അങ്കത്തിന് ഇറങ്ങുന്നു
നൗകാമ്പിലെ 14 വർഷം നീണ്ട പിക്വെയുടെ കരിയറിന് നവംബർ 6ന് അൽമേരിയക്ക് എതിരായ ബാഴ്സയുടെ മത്സരത്തോടെ അവസാനമാകും
മാഡ്രിഡ്: ബാഴ്സയ്ക്കായി പ്രതിരോധ മതിൽ തീർത്ത പിക്വെ ബൂട്ടഴിക്കുന്നു. നൗകാമ്പിലെ 14 വർഷം നീണ്ട പിക്വെയുടെ കരിയറിന് നവംബർ 6ന് അൽമേരിയക്ക് എതിരായ ബാഴ്സയുടെ മത്സരത്തോടെ അവസാനമാകും.
കഴിഞ്ഞ ഏതാനും ആഴ്ചകളും മാസങ്ങളുമായി ഒരുപാട് പേർ എന്നെ കുറിച്ച് സംസാരിക്കുന്നു. ഇതുവരെ ഞാൻ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് സംസാരിക്കണം. ബാഴ്സയല്ലാതെ മറ്റൊരു ടീമിൽ ഉണ്ടാവില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെയാണ്. ഈ ശനിയാഴ്ചത്തെ മത്സരം എന്റെ നൗകാമ്പിലെ അവസാനത്തേതാവും. ഞാൻ ബാഴ്സയുടെ സാധാരണ ആരാധകനാവും, പിക്വെ പറഞ്ഞു.
ബാഴ്സയുടെ യൂത്ത് ലീഗിൽ കരിയർ തുടങ്ങിയ പിക്വെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് വർഷമാണ് പന്ത് തട്ടിയത്. പിന്നാലെ 2008ലാണ് ബാഴ്സയിലേക്ക് തിരിച്ചെത്തുന്നത്. 18 വർഷം നീണ്ട കരിയറിൽ 35 കിരീടങ്ങൾ പിക്വെ നേടി.
സ്പെയ്നിലും ഇംഗ്ലണ്ടിലുമായി 9 ലീഗ് കിരീടങ്ങളാണ് പിക്വെ നേടിയത്. നാല് വട്ടം ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടു. ഈ സീസണിൽ ബാഴ്സയുടെ സ്റ്റാർട്ടിങ് ഇലവനിലേക്ക് വിരളമായി മാത്രമാണ് പിക്വെ എത്തിയത്. ലാ ലീഗയിൽ ബാഴ്സയുടെ ആദ്യ ഇലവനിൽ ഉൾപ്പെട്ടത് 3 വട്ടം മാത്രം.
53 ഗോളുകളാണ് 35കാരനായ സെന്റർ ബാക്കിന്റെ അക്കൗണ്ടിലുള്ളത്. 15 അസിസ്റ്റും. 2018ൽ സ്പെയ്നിന് വേണ്ടി അവസാനം കളിച്ച പിക്വെ 2010ൽ ടീമിനൊപ്പം ലോക കിരീടത്തിൽ മുത്തമിട്ടു.