ലാലിഗ കിരീടം നേടണമെങ്കിൽ 'ഉറക്കം' തൂങ്ങി കളി മതിയാകില്ല; കളിക്കാർക്ക് മുന്നറിയിപ്പുമായി - സാവി
നിലവിൽ 29- മത്സരങ്ങളിൽ നിന്ന് 73- പോയിന്റാണ് ഒന്നാമതുളള ബാഴ്സലോണക്കുളളത്
ഞായറാഴ്ച ഗെറ്റാഫെക്കെതിരായ ലാലിഗ മത്സരം സമനിലയിൽ പിരിഞ്ഞതോടെ കിരീടപ്പോരാട്ടത്തിൽ കളിക്കാർ ഉറങ്ങി കളിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് നൽകി ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടെസ്. മത്സരം ഗോൾ രഹിത സമനിലയിലാണ് കലാശിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ടീം ഗോൾ രഹിത സമനിലയിൽ പിരിയുന്നത്. ജിറോണ എ.ഫ്.സിയും ടീമിനെ സമനിലയിൽ കുരുക്കിയിരുന്നു.
ബാഴ്സലോണക്ക് ലീഗിൽ ഒമ്പത് മത്സരങ്ങൾ ബാക്കിനിൽക്കെ രണ്ടാമതുളള റയൽ മാഡ്രിഡിനേക്കാൾ 11- പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ടീം. എന്നാൽ ഫോമിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി അടുത്തയാഴ്ച്ച ക്യാമ്പ് നൗവിൽ മത്സരം നടക്കാനിരിക്കെ, തന്റെ ടീം വേഗത്തിൽ വിജയ വഴിയിൽ തിരിച്ചെത്തണമെന്നാണ് സാവി പറയുന്നത്."പ്രകടനങ്ങളിലോ ഫലങ്ങളിലോ ഞങ്ങൾ ഈ സീസണിലെ മികച്ച ഫോമിലല്ല. ഞങ്ങൾ ശ്രമിക്കുന്നുണ്ട് പക്ഷേ ഫലം വളരെ മന്ദഗതിയിലാണ്. ലാലിഗയിൽ ഞങ്ങൾക്ക് നല്ല സീസണാണ്, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ വിശ്രമിച്ച് ഉറങ്ങാൻ കഴിയില്ല. ഞങ്ങൾക്ക് പ്രധാനപ്പെട്ട മത്സരങ്ങൾ വരാനിരിക്കുന്നു. ഇന്നത്തെ മത്സരത്തിലെ ഫലത്തിൽ പിച്ചിന്റെ മോശം അവസ്ഥ ഞങ്ങൾക്ക് തിരിച്ചടിയായി. പരിക്കിൽ വലയുന്ന ചില താരങ്ങൾ അടുത്തയാഴ്ച്ച തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്."
നിലവിൽ 29- മത്സരങ്ങളിൽ നിന്ന് 73- പോയിന്റാണ് ഒന്നാമതുളള ബാഴ്സലോണക്കുളളത്. ഇത്തവണ കിരീടം നേടാനായാൽ കറ്റാലൻ ടീമിന് 2019-നു ശേഷമുളള ആദ്യ ലാലിഗ കിരീടം നേടാനാകും. മെസ്സി ടീം വിട്ടതിനു ശേഷം ബാഴ്സലോണ ഇതു വരെ ലാലിഗ കിരീടം നേടിയിട്ടില്ല.