ഇനി ഗോകുലത്തിന് കൈയടിക്കാം; ഐലീഗിൽ തോൽവിയറിയാതെ മലബാറിയൻസ്

അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച ഗോകുലം 15 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്.

Update: 2022-03-21 15:03 GMT
Editor : André | By : André
Advertising

ഷൂട്ടൗട്ടിലേക്ക് നീണ്ട ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം കപ്പിനും ചുണ്ടിനും നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് കേരളത്തിലെ ഫുട്‌ബോൾ ആരാധകർ. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനവുമായി ഫൈനൽ വരെ മുന്നേറുകയും കലാശപ്പോരിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടും ഭാഗ്യക്കേട് ഒരിക്കൽക്കൂടി മഞ്ഞപ്പടക്ക് തിരിച്ചടിയായി. കിരീടനഷ്ടത്തിൽ നിരാശയുണ്ടെങ്കിലും ഇത്തവണ തോൽവിയിലും ആരാധകർ ടീമിനൊപ്പമുണ്ടെന്നതാണ് സന്തോഷകരമായ കാര്യം.

രാജ്യത്തെ ഏറ്റവും ഗ്ലാമറുള്ള ഫുട്‌ബോൾ ടൂർണമെന്റിൽ പ്രിയടീമിന് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും ദേശീയ ലീഗായ ഐ-ലീഗിൽ കേരളത്തിൽ നിന്നുള്ള മറ്റൊരു ടീം കസറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയാണ് തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവിയറിയാതെ കിരീടപ്രതീക്ഷ കാക്കുന്നത്.

ഇന്നു നടന്ന വാശിയേറിയ പോരാട്ടത്തിൽ മണിപ്പൂരിൽ നിന്നുള്ള ടിഡ്ഡിം റോഡ് അത്‌ലറ്റിക് യൂണിയൻ എഫ്.സി (ട്രാവു എഫ്.സി) രണ്ടിനെതിരെ മൂന്നു ഗോളിന് തകർത്ത് ഗോകുലം കേരള സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്നുള്ള നാലാം ജയം സ്വന്തമാക്കി. 12 ടീമുകൾ മാറ്റുരക്കുന്ന ലീഗിലെ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനക്കാരാണ് കോഴിക്കോട് ആസ്ഥാനമായുള്ള ടീം.

ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഗോകുലം ജയം പിടിച്ചെടുത്തത്. കളിയുടെ രണ്ടാം മിനുട്ടിൽ മുഹമ്മദ് ഉവൈസിന്റെ ക്രോസിന് ഫൈനൽ ടച്ച് നൽകി ജിതിൻ എം.എസിന്റെ ഗോളിൽ ഗോകുലം ലീഡ് നേടി. തുടർച്ചയായി മൂന്നാം മത്സരത്തിലാണ് ജിതിൻ ഗോളടിക്കുന്നത്.

Full View

തുടക്കത്തിൽ നേടിയ ഗോളിന്റെ ലീഡ് നിലനിർത്താൻ പക്ഷേ, കേരള ടീമിന് കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ ബ്രസീലിയൻ താരം ഫെർണാണ്ടിഞ്ഞോയിലൂടെ മണിപ്പൂരുകാർ ഒപ്പമെത്തി. കിഷൻ സിങിന്റെ ഷോട്ട് ഗോകുലം കീപ്പർ രക്ഷിത് ഡാഗർ തടഞ്ഞെങ്കിലും റീബൗണ്ടിൽ നിന്ന് ഫെർണാണ്ടിഞ്ഞോ ലക്ഷ്യം കാണുകയായിരുന്നു.

18-ാം മിനുട്ടിൽ ഗോകുലം വീണ്ടും മുന്നിലെത്തി ഇത്തവണ ഇടതുഭാഗത്തുനിന്നുള്ള ഉവൈസിന്റെ ക്രോസിൽ ചാടിയുയർന്ന് ഹെഡ്ഡറുതിർത്ത് ലുക്കാ മായ്‌സൻ ആണ് വലകുലുക്കിയത്. രണ്ട് മിനുട്ടിനുള്ളിൽ ലീഡ് വർധിപ്പിക്കാൻ ഗോകുലത്തിന് സുവർണാവസരം ലഭിച്ചെങ്കിലും മായ്‌സൻ ഉയർത്തിനൽകിയ പാസിൽ നിന്നുള്ള താഹിർ സമാന്റെ ഷോട്ട് ലക്ഷ്യം കാണാതെ ഉയർന്നുപോയി.

39-ാം മിനുട്ടിൽ ഗോകുലം നായകൻ ഷരീഫ് മുഹമ്മദ് ഗോളിനടുത്തെത്തി. അഫ്ഗാൻ താരത്തിന്റെ ഷോട്ട് പക്ഷേ, ട്രാവു കീപ്പർ അമൃത് ഗോപെ തടഞ്ഞു.

രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ടിനുള്ളിൽ ഗോകുലം ലീഡുയർത്തി. കോർണർ കിക്കിനെ തുടർന്ന് ട്രാവു ഗോൾമുഖത്ത് സൃഷ്ടിക്കപ്പെട്ട ആശങ്കാനിമിഷങ്ങൾക്കൊടുവിൽ ഇത്തവണയും ഗോൾ നേടിയത് ലുക്കാ മായ്‌സൻ തന്നെ.

രണ്ട് ഗോൾ കുഷ്യൻ ലഭിച്ചപ്പോൾ കളി കൈക്കലായെന്ന് ഗോകുലം ആശ്വസിച്ചെങ്കിലും അതിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ ഗോൾ മടക്കിയാണ് നോർത്ത് ഈസ്റ്റുകാർ പ്രതികരിച്ചത്. 56-ാം മിനുട്ടിൽ, ഡ്രിബിൾ ചെയ്ത് ബോക്‌സിൽ കയറിയ ഫെർണാണ്ടിഞ്ഞോ പ്രതിരോധത്തെ നിസ്സഹായരാക്കി തന്റെ രണ്ടാം ഗോൾ കണ്ടെത്തി.

കളി അരമണിക്കൂറോളം ബാക്കിനിൽക്കെ ട്രാവു സമനില ഗോളിനായി ആക്രമണം ശക്തമാക്കിയെങ്കിലും കൂടുതൽ പേരെ പ്രതിരോധത്തിൽ വിന്യസിച്ച് പിഴവ് വരുത്താതെ ഗോകുലം പ്രതിരോധിച്ചു. ഒരു ഘട്ടത്തിൽ അകൊബിർ തുറയേവ് ഗോകുലം പോസ്റ്റിനെ ലക്ഷ്യമാക്കി കിടിലൻ ഹെഡ്ഡറുതിർത്തെങ്കിലും രക്ഷിത് ഡാഗർ ഗോൾലൈനിൽ അവസരത്തിനൊത്തുയർന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ എഫ്.സി ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു.

അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച ഗോകുലം 15 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്. അഞ്ചെണ്ണം വഴങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച മുഹമ്മദൻസിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. 1sports ഫേസ്ബുക്ക് പേജിലൂടെ മത്സരം തത്സമയം കാണാം.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News