ഹിഗ്വെയിൻ കളിനിർത്തുന്നു; പൊട്ടിക്കരഞ്ഞ് വിരമിക്കൽ പ്രഖ്യാപനം
യു.എസ് ഫുട്‌ബോൾ ലീഗിൽ ഇന്റർ മിയാമിക്കു വേണ്ടി കളിക്കുന്ന മുൻ അർജന്റീന സ്‌ട്രൈക്കർ ഈ സീസൺ അവസാനത്തോടെ ബൂട്ടഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
ബ്യൂണസ് അയേഴ്‌സ്: മുൻ അർജന്റീന സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയിൻ വിരമിക്കൽ പ്രഖ്യാപിച്ചു. യു.എസ് ഫുട്‌ബോൾ ലീഗായ മേജർ ലീഗ് സോക്കറിൽ(എം.എൽ.എസ്) ഇന്റർ മിയാമിക്കു വേണ്ടി കളിക്കുന്ന താരം ഈ സീസൺ അവസാനത്തോടെ ബൂട്ടഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
പതിനേഴര വർഷത്തെ ഏറ്റവും മനോഹരമായ കരിയറാണ് അവസാനിക്കുന്നത്. ഫുട്‌ബോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചു. എനിക്കു കഴിയാവുന്നതെല്ലാം കളിക്കളത്തിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ വിശ്വസിച്ചവർക്കെല്ലാം നന്ദി. കളിയോട് വിടപറയേണ്ട സമയമായിരിക്കുകയാണെന്നും വികാരനിർഭരമായ വാർത്താസമ്മേളനത്തിൽ 34കാരൻ പറഞ്ഞു.
സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ് ലീഗുകളിൽ പ്രമുഖ ക്ലബുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട് ഹിഗ്വെയിൻ. റയൽ മാഡ്രിഡ്, യുവന്റസ്, നാപ്പോളി തുടങ്ങിയ ടീമുകൾക്കുവേണ്ടി 300ലേറെ ഗോളുകളാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. അർജന്റീന ക്ലബായ റിവർ പ്ലേറ്റിലായിരുന്നു പ്രൊഫഷനൽ കരിയറിനു തുടക്കം. അവിടെനിന്നാണ് റയലിലെത്തുന്നത്. ഏഴു സീസണുകളിലായി ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളുടെ ഭാഗമാകാനായി. നാപ്പോളിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2015-16 സീസണിൽ 35 കളികളിൽനിന്ന് 36 ഗോളുമായി റെക്കോർഡ് നേട്ടവും സ്വന്തമാക്കി.
നാപ്പോളിയിലെ പ്രകടനമാണ് വമ്പൻവിലയ്ക്ക് ഹിഗ്വെയിനെ സ്വന്തമാക്കാൻ യുവന്റസിന് പ്രേരണയായത്. ഏകദേശം 700 കോടി രൂപയ്ക്കായിരുന്നു നാപ്പോളിയിൽനിന്ന് യുവന്റസ് താരത്തെ റാഞ്ചിയത്. ആദ്യ രണ്ട് സീസണിൽ യുവന്റസിലും അപാരഫോമിലായിരുന്നു. പിന്നീട് എ.സി മിലാൻ, ചെൽസി ജഴ്‌സികളിലും കളിച്ചു. 2020ലാണ് ഇന്റർ മിയാമിയിലെത്തുന്നത്. മിയാമിക്കായി 65 കളികളിൽനിന്നായി 27 ഗോളും 14 അസിസ്റ്റും സ്വന്തം പേരിലാക്കി.
അർജന്റീനയ്ക്കായി 75 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 31 ഗോളും സ്വന്തമാക്കി. അർജന്റീന ചരിത്രത്തിലെ ഏറ്റവും ഗോൾ സ്വന്തമാക്കിയ അഞ്ചാമത്തെ താരവുമായി. 2014ലെ ബ്രസീൽ ലോകകപ്പിൽ ഫൈനൽ കടന്ന അർജന്റീന സംഘത്തിലും ഹിഗ്വെയിൻ ഉണ്ടായിരുന്നു. 2018 ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്നും വിരമിക്കുകയായിരുന്നു.
Summary: Former Argentina striker Gonzalo Higuain to retire after 2022 MLS Season for Inter Miami