നിർണായക മത്സരം തോറ്റ് ആർസനൽ; കളിക്കാർക്ക് രൂക്ഷവിമർവുമായി സീനിയർ താരം ഷാക്ക
'സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ ഇത് ടെന്നിസല്ല, ഫുട്‌ബോളാണ്. വലിയ മത്സരങ്ങളിലെ സമ്മർദം താങ്ങാൻ കഴിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്...'
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിലെ ആദ്യനാല് ടീമുകളിലൊന്നാകാനുള്ള ആർസനലിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി നിർണായക മത്സരത്തിലെ തോൽവി. ന്യൂകാസിൽ യുനൈറ്റഡിനോട് അവരുടെ തട്ടകത്തിൽ രണ്ടു ഗോളിന് പരാജയപ്പെട്ടതോടെ ഗണ്ണേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും അവരുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഏറെക്കുറെ അസ്തമിക്കുകയും ചെയ്തു.
55-ാം മിനുട്ടിൽ ബെൻ വൈറ്റിന്റെ ഓൺഗോളും 85-ാം മിനുട്ടിൽ ബ്രൂണോ ഗ്വിമറസ് നേടിയ ഗോളുമാണ് ന്യൂകാസിലിന് അർഹിച്ച ജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം ന്യൂകാസിലിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. ലീഗിൽ ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കെ 66 പോയിന്റാണ് അഞ്ചാം സ്ഥാനത്തുള്ള, മൈക്കൽ അർടേറ്റ പരിശീലിപ്പിക്കുന്ന ആർസനലിനുള്ളത്. 68 പോയിന്റോടെ ടോട്ടനം ഹോട്‌സ്പർ ആണ് നാലാം സ്ഥാനത്ത്.
പൊട്ടിത്തെറിച്ച് ഷാക്ക
സീസണിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും നിർണായക മത്സരം തോറ്റതിന്റെ നിരാശ ആർസനലിന്റെ വെറ്ററൻ മിഡ്ഫീൽഡർ ഗ്രാനിത് ഷാക്ക മറച്ചുവെച്ചില്ല. മത്സരശേഷവും പിന്നീട് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലും ഷാക്ക മത്സരത്തിൽ സഹതാരങ്ങൾ പുലർത്തിയ മനോഭാവത്തെ രൂക്ഷമായി വിമർശിച്ചു.
'ശരിയായ വാക്കുകൾ കണ്ടെത്താൻ പ്രയാസമാണ്. ഒന്നാം മിനുട്ടു മുതൽ 90-ാം മിനുട്ടുവരെ ഞങ്ങൾക്ക് കളിക്കാൻ തന്നെ അർഹതയുണ്ടായിരുന്നില്ല. എന്താണ് കാരണമെന്ന് വിശദീകരിക്കാൻ എനിക്കറിയില്ല. ഗെയിം പ്ലാൻ പ്രകാരമല്ല ഞങ്ങൾ കളിച്ചത്. കോച്ച് പറയുന്നത് കളിക്കാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ ചാമ്പ്യൻസ് ലീഗ് എന്നല്ല, യൂറോപ്പ ലീഗും കളിക്കാൻ ഞങ്ങൾക്ക് അർഹതയില്ല. കോച്ച് ആവശ്യപ്പെട്ടത് ചെയ്യാൻ ഞങ്ങൾക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.' - സ്വിസ് താരം പറഞ്ഞു.
ടീമിലെ യുവതാരങ്ങളുടെ പരിചയക്കുറവാണോ തോൽവിക്ക് കാരണം എന്ന ചോദ്യത്തിന് 29-കാരന്റെ മറുപടി ഇങ്ങനെയായിരുന്നു:
'മുന്നോട്ടുവന്ന് കളിക്കണമെങ്കിൽ ആളുകൾക്ക് ധൈര്യം വേണം. ഈ കളിക്ക് തയാറെടുത്തിട്ടില്ലാത്തവർക്ക് ബെഞ്ചിലിരിക്കാമായിരുന്നു, അല്ലെങ്കിൽ വീട്ടിൽ പോകാമായിരുന്നു. പ്രായമല്ല ഇവിടെ പ്രശ്നം. പ്രായം മുപ്പതോ മുപ്പത്തിഎട്ടോ പത്തോ പതിനെട്ടോ ആവാം. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായൊരു മത്സരമായിരുന്നു. ഞങ്ങളെ പിന്തുണക്കാൻ എത്തിയ ആളുകൾക്കും നിരാശയായിരുന്നു ഫലം. ആരാധകരോട് മാപ്പ് ചോദിക്കുന്നു. മറ്റെന്തെങ്കിലും പറയാൻ എനിക്കാവില്ല.'
'ഞങ്ങൾ 90 മിനുട്ട് കാട്ടിക്കൂട്ടിയതിൽനിന്ന് വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ഗെയിംപ്ലാൻ. എല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു. ഞങ്ങൾ നേടേണ്ടതാണ് ന്യൂകാസിൽ നേടിയത്. അവർ അർഹിച്ചിടത്ത് ഞങ്ങൾ എത്തുകയും ചെയ്തു.'
കോച്ചിന്റെ പദ്ധതി നടപ്പിലാക്കാൻ കഴിയാതിരുന്നതാണ് തോൽവിക്ക് കാരണമായതെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലും ഷാക്ക പറഞ്ഞു.
'കോച്ച് പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം കളിക്കുമ്പോഴാണ് ഇതുപോലുള്ളവ സംഭവിക്കുന്നത്. നായകന്മാരെ പറ്റിയാണ് ആളുകൾ എപ്പോഴും സംസാരിക്കാറുള്ളത്. നമ്മൾ കളിക്കുന്നത് ടെന്നിസല്ല, ഫുട്‌ബോളാണ്. ഈ സമ്മർദം ഏറ്റെടുക്കാൻ തയാറില്ലാത്തവർ വീട്ടിലിരിക്കുന്നതാണ് നല്ലത്. ഇവിടെ വന്ന് ഇങ്ങനെ കളിക്കരുത്.' - 29 കാരൻ പറഞ്ഞു.
പോരാട്ടം ഫോട്ടോഫിനിഷിലേക്ക്
സീസൺ അവസാനത്തോടടുക്കവെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടം മുറുകുകയാണ്. 37 മത്സരങ്ങളിൽ നിന്ന് 90 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 36 മത്സരങ്ങളിൽ 86 പോയിന്റുള്ള ലിവർപൂൾ ഇന്ന് രാത്രി 12.15-ന് സതാംപ്ടണിനെ അവരുടെ തട്ടകത്തിൽ നേരിടുന്നുണ്ട്. ജയിച്ചാൽ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്ന് ആയിക്കുറക്കാൻ ലിവർപൂളിന് കഴിയും. 70 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് വെല്ലുവിളികളില്ല.
അതേസമയം, ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കുന്ന അവസാന സ്ഥാനമായ നാലാം സ്ഥാനത്തിനു വേണ്ടിയാണ് ടോട്ടനവും ആർസനലും മത്സരിക്കുന്നത്. ഗണ്ണേഴ്‌സിനേക്കാൾ രണ്ട് പോയിന്റ് ലീഡുള്ള ടോട്ടനത്തിന് അടുത്ത മത്സരം നോർവിച്ച് സിറ്റിക്കെതിരെയാണ്. ആ കളിയിൽ സമനിലയെങ്കിലും നേടാനായാൽ അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാം. അതേസയം, ടോട്ടനം തോൽക്കുകയും തങ്ങൾ എവർട്ടനെ തോൽപ്പിക്കുകയും ചെയ്താലേ ആർസനലിന് സാധ്യതയുള്ളൂ.
തരംതാഴ്ത്തപ്പെടൽ ഒഴിവാക്കാനും കടുത്ത മത്സരമാണ് നടക്കുന്നത്. അവസാന രണ്ട് സ്ഥാനങ്ങളിലുള്ള നോർവിച്ചും വാറ്റ്‌ഫോഡും തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ, റെലഗേഷൻ സോണിൽ അവശേഷിക്കുന്ന സ്‌പോട്ടിൽ പെടാതിരിക്കാൻ, സതാംപ്ടൺ, എവർട്ടൺ, ലീഡ്‌സ് യുനൈറ്റഡ്, ബേൺലി എന്നിവ തമ്മിലാണ് മത്സരം.
നിലവിൽ 34 പോയിന്റുള്ള ബേൺലിയാണ് 18-ാം സ്ഥാനത്ത്. ലീഡ്‌സിന് 35-ഉം എവർട്ടന് 36-ഉം സതാംപ്ടണിന് 40-ഉം പോയിന്റുണ്ട്. 37 മത്സരം കളിച്ചു കഴിഞ്ഞ ലീഡ്‌സിന് ഇനി ബ്രെന്റ്‌ഫോഡിനെതിരായ മത്സരം മാത്രമാണ് കൈയിലുള്ളത്. അതേസമയം അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് നേടാനായാൽ സതാംപ്ടൺ സുരക്ഷിതരാവും. ആസ്റ്റൻവില്ല, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെയാണ് മത്സരം എന്നത് ബേൺലിക്ക് തലവേദനയാണ്. ക്രിസ്റ്റൽ പാലസിനെയും ആർസനലിനെയുമാണ് എവർട്ടന് നേരിടാനുള്ളത്.