മെസി സിറ്റിയിലെത്തുമോ? വൈകാരിക പ്രതികരണവുമായി ഗാര്‍ഡിയോള...

ഒരു ആരാധകനെന്ന നിലയിൽ, ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും അസാധാരണ കളിക്കാരനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

Update: 2021-08-07 06:12 GMT
Editor : ubaid | By : Web Desk
Advertising

ബാഴ്സലോണ വിട്ട മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാനേജർ പെപ് ​ഗാഡിയോള. മെസ്സിയുമായുള്ള കരാർ ഇനി അസാധ്യമാണെന്ന് മുൻ ബാഴ്സ പരിശീലകൻ വ്യക്തമാക്കി. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ മുൻ കാല റെക്കോഡുകൾ തകർത്ത് ആസ്റ്റൺ വില്ലയിൽ നിന്ന് ജാക് ​ഗ്രീലിഷിനെ വാങ്ങിയതും മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് കരുതിയതുമാണ് ആ സാധ്യത ഇല്ലാതാക്കിയതെന്ന് പെപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബാഴ്‌സ കോച്ചായിരിക്കുമ്പോള്‍ മുതല്‍ ഗാഡിയോളയും മെസിയും തമ്മിലുള്ള അടുപ്പം താരം മാഞ്ചസ്റ്ററിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 

"ജാക് ഗ്രീലിഷിന് വേണ്ടി ഞങ്ങള്‍ 1000 കോടി ചെലവഴിച്ചു, 600 കോടി കൈമാറ്റ വിപണിയിലൂടെ നേടി. ഗ്രീലിഷ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ 10ാം നമ്പര്‍ ജേഴ്‌സ ധരിക്കും. ഗ്രീലിഷിനെ വാങ്ങിയതും മെസി ബാഴ്‌സയില്‍ തുടരുമെന്ന് വിചാരിച്ചതുമാണ് ഞങ്ങളുടെ പദ്ധതികള്‍ താളം തെറ്റിച്ചത്. അവനിപ്പോള്‍ ഞങ്ങളുടെ ചിന്തകളില്‍ ഇല്ല" പെപ് ഗാര്‍ഡിയോള പ്രതികരിച്ചു.

"ബാഴ്‍സ പ്രസിഡന്റ് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരുന്നല്ലോ. ഞാൻ കളിക്കാരനോടോ പ്രസിഡന്റിനോടോ സംസാരിച്ചിട്ടില്ല, അതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എന്നാൽ ബാഴ്സയെ പിന്തുണക്കുന്ന ഒരാളെന്ന നിലയിൽ മെസി അവിടെ കരിയര്‍ അവസാനിപ്പിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. പക്ഷേ ഇപ്പോള്‍ ക്ലബ്ബിന് ആവശ്യം സാമ്പത്തിക സുസ്ഥിരതയാണ്. 

"ഒരു ആരാധകനെന്ന നിലയിൽ, എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും അസാധാരണ കളിക്കാരനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. ബാഴ്സലോണയില്‍ മെസിയുടെ നേതൃത്വത്തില്‍ നേടിയ കപ്പുകളാണ് വ്യക്തിപരമായി എന്നെ മ്യൂണിക്കിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും പോകാൻ സഹായിച്ചത്." 


"അതിലുപരി, അവന്റെ ഓരോ കളിയും ടിവിയില്‍ കാണുമ്പോള്‍ അവിശ്വസനീയമായ അളവിലുള്ള വികാരവിക്ഷോഭങ്ങള്‍, അവനും സഹകളിക്കാരും എന്നിലുണ്ടാക്കുന്നു. ദിവസവും ഓരോ കളിയിലും അദ്ദേഹം അതുല്യമായ എന്തെങ്കിലും സൃഷ്ടിച്ചു. ബാഴ്‌സലോണയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവന്നതിന്, ഒരു ദശാബ്ദക്കാലം ബാഴ്‌സലോണയെ ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചതിന് വളരെ നന്ദി, തന്റെ കരിയറിന്റെ അവസാന വർഷങ്ങളിൽ ഞാൻ  അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു." ഗാര്‍ഡിയോള പറഞ്ഞു നിര്‍‌ത്തി. 

മെസ്സി പി.എസ്.ജിയിലേക്കാകും പോകുകയെന്ന റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതികരണം. മെസി ഫ്രീ ഏജന്റായതിനാൽ ക്ലബ്ബിന് കാശ് കൊടുക്കാതെ വേതനവും മറ്റും മാത്രം പറഞ്ഞുറപ്പിച്ചുള്ള കരാർ മതിയാകും. റെക്കോഡ് തുക മുടക്കാൻ ഒട്ടേറെ ക്ലബ്ബുകൾ തയ്യാറാണെങ്കിലും മെസിയുടെ താല്‍പര്യമാണ് ആത്യന്തികം.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News