തന്നെ ഇപ്പോള്‍ വില്‍ക്കുന്നതാണ് ക്ലബിന് നല്ലത്, 1000 കോടിയെങ്കിലും ലഭിക്കും: ഹാരി കെയ്‍ന്‍

വ്യക്തിപരമായി നേട്ടങ്ങൾ ഒട്ടേറെ സ്വന്തമാക്കുമ്പോഴും ക്ലബ്ബിന് പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത സാഹചര്യത്തിലാണ് കെയ്ൻ പുതിയ തട്ടകം തേടുന്നത്

Update: 2021-05-20 16:55 GMT
Editor : ubaid | By : Web Desk
Advertising

ടോട്ടന്‍ഹാം വിടാനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ചിച്ച് സൂപ്പര്‍ താരം ഹാരി കെയ്ൻ. തന്നെ ഇപ്പോള്‍ വില്‍ക്കുന്നതായിരിക്കും ക്ലബിന് നല്ലത്. ഇപ്പോൾ തന്നെ വിറ്റാൽ ക്ലബിന് 100 മില്യൺ ഒക്കെ ലഭിച്ചേക്കാം. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ തനിക്ക് അത്ര മൂല്യമുണ്ടാകും എന്ന് കരുതുന്നില്ല എന്നും കെയ്ൻ ഗാരി നെവിലുമായി നടത്തിയ പോഡ്കാസ്റ്റില്‍ പറഞ്ഞു. ക്ലബ് ഉടമയായ ലെവിയുമായി സംസാരിക്കേണ്ട സമയമായി എന്നും കെയ്ൻ പറഞ്ഞു.     

ടോട്ടന്‍ഹാം ഒരിക്കലും വിടില്ല എന്നൊന്നും താൻ ഒരിക്കലും പറഞ്ഞിട്ടോ തീരുമാനിച്ചിട്ടോ ഇല്ല എന്ന് കെയ്ൻ പറഞ്ഞു. തനിക്ക് ചാമ്പ്യൻസ് ലീഗ് ഉള്‍പ്പെടെ എല്ലാ വലിയ മത്സരങ്ങളുടെയും ഭാഗമാകണം എന്നുമുണ്ട് എന്നും കെയ്ൻ പറഞ്ഞു. 16വര്‍ഷം എന്റെ ജീവിതത്തിലെ എല്ലാം ടോട്ടന്‍ഹാമിന് നല്‍കി. ക്ലബുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളത്. പരസ്പര ബഹുമാനം നിലനിര്‍ത്തി കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഹാരി കെയ്‍ന്‍ പ്രത്യാശ പ്രകടിപ്പിച്ചു.  

വ്യക്തിപരമായി നേട്ടങ്ങൾ ഒട്ടേറെ സ്വന്തമാക്കുമ്പോഴും ക്ലബ്ബിന് പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത സാഹചര്യത്തിലാണ് കെയ്ൻ പുതിയ തട്ടകം തേടുന്നത്. 2008നുശേഷം ഒരു പ്രധാന കിരീടം സ്വന്തമാക്കാനുള്ള അവസരം ടോട്ടനത്തിന് ഇക്കുറി ലഭിച്ചെങ്കിലും കഴിഞ്ഞ മാസം നടന്ന ലീഗ് കപ്പ് ഫൈനലിൽ അവർ മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റു. ഡിസംബറിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികിയൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടനം, പിന്നീട് മോശം പ്രകടനങ്ങളിലൂടെ പോയിന്റ് പട്ടികയിൽ താഴേക്കിറങ്ങിയിരുന്നു. പ്രകടനം തീർത്തും മോശമായതോടെ പരിശീലകൻ ഹോസെ മൗറീഞ്ഞോയെ ക്ലബ് പുറത്താക്കുകയും ചെയ്തു. നിലവിൽ 59 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള ടോട്ടനത്തിന് ആദ്യ നാലിൽ തിരിച്ചെത്തി ചാംപ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണ്. ഇതും കെയ്ൻ ക്ലബ് വിടാനുള്ള കാരണമാണെന്നു കരുതുന്നു.

ടോട്ടൻഹാം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ. പന്ത്രണ്ടു വർഷത്തോളമായി സ്പർസിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകൾ നേടി. സീസണിൽ ഇതുവരെ 32 ഗോളുകൾ താരം നേടിയിട്ടുണ്ട്. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News