ഹാട്രിക് ഛേത്രി: നാലടിയിൽ വീണ് പാകിസ്താൻ, സാഫ് കപ്പിൽ ജയത്തോടെ തുടങ്ങി ഇന്ത്യ
ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ
ബംഗളൂരു: 2023 സാഫ് കപ്പിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. എതിരില്ലാത്ത നാല് ഗോളുകൾക്ക് ചിരവൈരികളായ പാകിസ്താനെ തകർത്തായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തുടക്കം. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു.
കളി തുടങ്ങിയത് മുതൽ ഇന്ത്യയായിരുന്നു ഗ്രൗണ്ടിലുടനീളം. ഇന്ത്യൻ മുന്നേറ്റങ്ങളിൽ പാക് പ്രതിരോധം പാടെ വിയർത്തു. പത്താം മിനുറ്റിൽ തന്നെ ഛേത്രി അക്കൗണ്ട് തുറന്നു. ആറ് മിനിറ്റുകൾക്കിപ്പുറം ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ലീഡ് വർധിപ്പിച്ചു. ആദ്യ പതിനാറ് മിനുറ്റിൽ തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യ മുന്നിലെത്തിയിരുന്നു. തുടർന്നും പാകിസ്താനെ വിറപ്പിച്ച് ഇന്ത്യൻ മുന്നേറ്റങ്ങളായിരുന്നു. വിങ്ങുകളിലൂടെയും അല്ലാതെയും എത്തിയ പന്തുകളിൽ പാക് പ്രതിരോധം ഉലയുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകളെ വഴങ്ങിയുള്ളൂ എന്ന ആശ്വാസം മാത്രമായി പാകിസ്താന്.
രണ്ടാം പകുതിയിലും ഇന്ത്യ തന്നെയാണ് നിറഞ്ഞുനിന്നത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാഞ്ഞത് കല്ലുകടിയായി. എന്നാല്‍ 74ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി ഛേത്രി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് നില മൂന്നായി. 81ാം മിനുറ്റിൽ പകരക്കാരൻ ഉദാന്ത സിങ് കൂടി ഗോൾ നേടിയതോടെ ഇന്ത്യയുടെ ഗോൾ നേട്ടം നാലായി. പിന്നെ ചടങ്ങുകൾ മാത്രമായി. വാശിയേറിയ പോരാട്ടം ആയതിനാൽ കളി കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് നേരിടേണ്ടി വന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു കയ്യാങ്കളി.
🚨Both teams engaged in a sideline tussle due to Igor Stimac's involvement with the Pakistani throw-in, leading to the Indian coach being shown a red card #INDvsPAK #IndianFootball
— IFTWC - Indian Football (@IFTWC) June 21, 2023
📸@FanCode pic.twitter.com/RdsXCn1rpb