'രാഹുലിന് കിട്ടിയ ചുവപ്പ് കാർഡ് കളി മാറ്റിമറിച്ചു' എ.ടി.കെക്കെതിരായ തോൽവിയിൽ വുകമനോവിച്

'പ്ലേ ഓഫിൽ മികച്ച പ്രകടനം നടത്താനായി നമ്മൾ ഒരുങ്ങും. കഴിഞ്ഞ സീസണിൽ നമ്മൾ പ്ലേഓഫിലെത്തുമെന്ന് ആരും കരുതിയിട്ടുണ്ടായിരുന്നില്ല' കോച്ച് വുകമനോവിച്

Update: 2023-02-19 05:02 GMT

Ivan Vukamanovic 

Advertising

കൊൽക്കത്ത: ഇന്നലത്തെ ഐഎസ്എൽ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 2-1 തോൽവി നേരിട്ടതിൽ പ്രതികരിച്ച് ഹെഡ് കോച്ച് ഇവാൻ വുകമനോവിച്. 64ാം മിനുട്ടിൽ ടീമിന്റെ ഫോർവേഡായ മലയാളി താരം രാഹുൽ കെ.പി ചുവപ്പ് കാർഡ് കണ്ട് പുറത്ത്‌പോയതാണ് തോൽവിയുടെ പ്രധാനകാരണമെന്നാണ് കോച്ച് പറഞ്ഞത്. എ.ടി.കെയുടെ മലയാളി താരം ആശിഖ് കുരുണിയനെ ഫൗൾ ചെയ്തതോടെ രാഹുൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും നേരിട്ടിരുന്നു. 26ാം മിനുട്ടിൽ രാഹുൽ ആദ്യ മഞ്ഞക്കാർഡ് കണ്ടിരുന്നു.

'കളിയിലെ തോൽവിക്ക് പിറകിലെ പ്രധാന കാരണം (രാഹുലിന് കിട്ടിയ) രണ്ടാം മഞ്ഞക്കാർഡാണ്. നമ്മൾ മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിയുടെ നിയന്ത്രണമുണ്ടായിരുന്നു' വുകമനോവിച് നിരീക്ഷിച്ചു.

'രണ്ടാം മഞ്ഞക്കാർഡ് കിട്ടിയതോടെ ഒരാൾ പോയി, ടീമിന്റെ ബാലൻസ് നഷ്ടപ്പെട്ട് മിനുട്ടുകൾക്കകം രണ്ടാം ഗോൾ നേരിടേണ്ടി വന്നു. അതാണ് കളിയിൽ വന്ന മാറ്റം' വുകമനോവിച് വ്യക്തമാക്കി.

നല്ല പ്രകടനമാണ് മഞ്ഞപ്പട കാഴ്ചവെച്ചിരുന്നതെന്നും വേണ്ട രീതിയിൽ മുന്നേറുകയായിരുന്നുവെന്നും ഒരു നിമിഷത്തെ സംഭവമാണ് കാര്യങ്ങൾ മാറ്റിമറിച്ചതെന്നും കോച്ച് പറഞ്ഞു.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും ബ്ലാസ്‌റ്റേഴ്‌സ് തോറ്റതിലും ഇത് പ്ലേ ഓഫിലെ പ്രകടനത്തെ ബാധിക്കുമോയെന്നതിലും വുകുമനോവിച് പ്രതികരിച്ചു. 'ഇല്ല, ഒരിക്കലുമില്ല. അതൊന്നും നമ്മൾ പരിഗണിക്കുന്നില്ല. പ്ലേ ഓഫിൽ മികച്ച പ്രകടനം നടത്താനായി നമ്മൾ ഒരുങ്ങും. കഴിഞ്ഞ സീസണിൽ നമ്മൾ പ്ലേഓഫിലെത്തുമെന്ന് ആരും കരുതിയിട്ടുണ്ടായിരുന്നില്ല' കോച്ച് വ്യക്തമാക്കി.

ഈ വർഷവും മികച്ച ഒരുക്കത്തിലൂടെ ഏറ്റവും ഉയർന്ന സ്ഥാനം തന്നെ നേടി സീസൺ അവസാനിപ്പിക്കുമെന്നും നിരവധി മികച്ച ടീമുകൾ അതിനായി മത്സരിക്കുന്നുണ്ടെന്നും ഇത് ഫുട്‌ബോളാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലേറ്റ തോൽവിക്ക് കൊൽക്കത്തയിൽ പകരംവീട്ടാനായില്ല

കൊച്ചിയിലേറ്റ തോൽവിക്ക് കൊൽക്കത്തയിൽ പകരംവീട്ടാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. കൊൽക്കത്തയിലും ബ്ലാസ്റ്റേഴ്സ് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എ.ടി.കെ മോഹൻബഗാന്റെ വിജയം(2-1). എടികെയ്ക്കായി കാൾ മക്ഹ്യുവാണ് രണ്ട് ഗോളുകളും നേടിയത്. ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സനായി ഗോൾ നേടിയത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ട് ഗോളുകൾ മടക്കിയുള്ള എടികെ മോഹൻബഗാന്റെ ഗംഭീര തിരിച്ചുവരവ്. മലയാളി താരം രാഹുൽ കെ.പി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ കളിച്ചത്. മത്സരം തുടങ്ങി 16ാം മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു. ഡയമന്റകോസാണ് എടികെ വലയിൽ പന്ത് എത്തിച്ചത്.

ഇവാൻ കല്യൂഷ്‌നി കൊടുത്ത പാസിൽനിന്നാണ് ഗോളിലേക്കു നയിച്ച നീക്കമുണ്ടായത്. അപ്പോസ്തലസ് ജിയാനു നൽകിയ മനോഹര ക്രോസ് ദിമിത്രിയോസ് ഡയമെന്റകോസ് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. ഐഎസ്എൽ സീസണിൽ ഗ്രീക്ക് താരത്തിന്റെ പത്താം ഗോളാണിത്. എന്നാൽ ആക്രമിച്ച് കളിച്ച മോഹൻ ബഗാൻ 23ാം മിനുറ്റിൽ പകരം വീട്ടി. മക്ഹ്യുവിന്റെ സുന്ദരഫിനിഷിങ്. 1-1 എന്ന നിലയിൽ ഹാഫ്ടൈമിന് പിരിഞ്ഞു ടീമുകൾ. എന്നാൽ 77ാം മിനുറ്റിൽ മക്ഹ്യു തന്നെ രണ്ടാം ഗോളും നേടി എടികെയെ മുന്നിലെത്തിച്ചു. അതിനിടെയാണ് രണ്ട് മഞ്ഞക്കാർഡുകൾ കണ്ട് രാഹുൽ കെപി പുറത്തായത്.

അതേസമയം തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിന് ക്ഷീണമില്ല. നേരത്തെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. എന്നാലും ടീം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താൽ ഹോംഗ്രൗണ്ടിൽ പ്ലേഓഫ് കളിക്കാൻ അവസരം ലഭിക്കും. ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് ഇനിയും ബാക്കിയുണ്ട്. മുംബൈ സിറ്റി എഫ്.സി, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകളാണ് നേരത്തെ സെമി ഉറപ്പിച്ച ടീമുകൾ. ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച എ.ടി.കെ മൂന്നാം സ്ഥാനത്തെത്തി. 31 പോയിൻറുള്ള ബംഗളൂരുവാണ് നാലാം സ്ഥാനത്ത്‌.

Head Coach Ivan Vukamanovic reacts to Kerala Blasters' 2-1 loss against ATK Mohun Bagan in the ISL match

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News