ആരാധകരുടെ നഷ്ടം; ബ്രസീൽ - അർജന്റീന മത്സരം ഉപേക്ഷിച്ചു

60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്

Update: 2022-06-09 17:33 GMT
Editor : André | By : Web Desk
Advertising

ലോകകപ്പിനു മുമ്പ് ലാറ്റിനമേരിക്കൻ വൻശക്തികളായ ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാനുള്ള ഫുട്‌ബോൾ ആരാധകരുടെ സ്വപ്‌നങ്ങൾക്കു തിരിച്ചടി. നെയ്മറിന്റെയും ലയണൽ മെസിയുടെയും സംഘങ്ങൾ തമ്മിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചു. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് എത്താൻ കഴിയില്ലെന്ന് അർജന്റീന ടീം അറിയിച്ചതിനെ തുടർന്നാണ് കളി ഉപേക്ഷിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഇക്കാര്യത്തിൽ ടീമുകൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും വിക്ടോറിയ സ്‌പോർട്‌സ് മന്ത്രി മാർട്ടിൻ പകുല പറഞ്ഞു. അർജന്റീനയുടെ പിന്മാറ്റത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ജൂൺ 11-ന് ബ്രസീലിനെതിരെ നടക്കേണ്ടിയിരുന്ന സൂപ്പർ ക്ലാസിക്കോ മത്സരത്തിൽ നിന്ന് അർജന്റീന ടീം പിന്മാറിയത് അതീവ ദുഃഖകരമാണ്. മെൽബണിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്.' - പകുല പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്തു.

'അർജന്റീനയുടെ പിന്മാറ്റത്തിൽ ബ്രസീലിന് അതൃപ്തിയുണ്ടാകുമെന്ന് എനിക്കറിയാം. ലോകകപ്പിനുള്ള മുന്നൊരുക്കത്തിൽ ഈ മത്സരം അവർക്ക് പ്രധാനമായിരുന്നു.' - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്തംബർ ആറിന് ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം, ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കളി തുടങ്ങി മിനുട്ടുകൾക്കകം ആരോഗ്യവകുപ്പ് അധികൃതർ മൈതാനത്തിറങ്ങുകയും ചില അർജന്റീന കളിക്കാരോട് കോവിഡ് പ്രൊട്ടോകോൾ പാലിച്ച് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ബ്രസീലിലേക്ക് യാത്ര ചെയ്ത ടീമിലെ അംഗങ്ങളായിരുന്ന ജിയോവന്നി ലോ സെൽസോ, ക്രിസ്റ്റിയൻ റൊമേറോ, എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവൻഡിയ എന്നിവർക്കെതിരെയായിരുന്നു അധികൃതരുടെ നീക്കം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കളിക്കാരെ നാടുകടത്തണമെന്ന് ബ്രസീൽ ആരോഗ്യവിഭാഗം ആവശ്യപ്പെടുകയും ചെയ്തു.

ഈ മത്സരം വീണ്ടും കളിക്കണമെന്ന് ഫിഫ ഇരുടീമുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബറിൽ മത്സരം നടത്തണമെന്നാണ് നിർദേശമെങ്കിലും ഇരുടീമുകളും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News