ഇതൊക്കെ എങ്ങനെ സാധിക്കുന്നു ? വൈറലായി മെസിയുടെ 'മാന്ത്രിക പാസ്'

രണ്ട് ടീമുകളായി പരിശീലന മത്സരം കളിക്കുന്നതിനിടെ സ്വന്തം ടീം അംഗമായ കെയ്ലിയൻ എംബാപ്പെയ്ക്ക് മെസി നൽകിയ പാസും പാസ് സ്വീകരിച്ച് എംബാപ്പെ വല ചലിപ്പിക്കുന്നതുമാണ് വീഡിയോയിൽ

Update: 2022-08-20 03:32 GMT
Editor : Dibin Gopan | By : Web Desk
Advertising

പാരിസ്: കളത്തിലുള്ള 90 മിനിറ്റിലും മെസിയുടെ കാലുകൾക്കൊപ്പം കണ്ണുകളും തലച്ചോറും എല്ലാം പന്തിനൊപ്പമായിരിക്കും. ഇക്കാര്യം പല പരിശീലകരും ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. ഗ്രൗണ്ടിലെ ഏത് ഭാഗത്ത് നിൽക്കുകയാണെങ്കിലും മെസി പന്തിനെ സദാ നിരീക്ഷിക്കുന്നുണ്ടാകുമെന്ന് മുൻ ബാർസ പരിശീലകൻ ഗാർഡിയോള വ്യക്തമാക്കിയിരുന്നു.അസാധ്യമായ ആംഗിളിൽ നിന്നുള്ള പാസുകളും ഗോളും എല്ലാം മെസിയുടെ അക്കൗണ്ടിൽ ധാരാളമുണ്ട്. അത്തരമൊരു ശ്രദ്ധേയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മെസിക്ക് തലയുടെ പിന്നിൽ കണ്ണുണ്ടോ എന്നാണ് വീഡിയോ പങ്കിട്ട് ആരാധകർ ചോദിക്കുന്നത്.

പിഎസ്ജിയുടെ പരിശീലനത്തിനിടെ നടന്ന ഒരു സംഭവമാണ് വൈറലായി മാറിയത്. രണ്ട് ടീമുകളായി പരിശീലന മത്സരം കളിക്കുന്നതിനിടെ സ്വന്തം ടീം അംഗമായ കെയ്ലിയൻ എംബാപ്പെയ്ക്ക് മെസി നൽകിയ പാസും പാസ് സ്വീകരിച്ച് എംബാപ്പെ വല ചലിപ്പിക്കുന്നതുമാണ് വീഡിയോയിൽ. എംബാപ്പെ തള്ളിക്കൊടുത്ത പന്തുമായി മെസി മുന്നേറി ബോക്സിന് അരികിൽ എത്തുമ്പോൾ പിന്നാലെ ഓടിയെത്തിയ എംബാപ്പെയ്ക്ക് ഇടംകാൽ കൊണ്ട് കിറുകൃത്യമായി പാസ് നൽകിയതാണ് ആരാധകരെ അമ്പരപ്പിച്ചത്.

മെസി തല ഉയർത്തി എംബാപ്പെ എവിടെ എന്നു നോക്കുന്നത് പോലുമില്ല എന്നതാണ് കൗതുകം. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ പന്തിലാണ്. പാസ് നൽകേണ്ട ഘട്ടമായി എന്ന് തോന്നിയ നിമിഷത്തിൽ ഇടംകാൽ കൊണ്ടു മെസി ചരിച്ച് പാസ് നൽകുന്നു. എംബാപ്പെ കൃത്യമായി അപ്പുറത്ത് എത്തുന്നു. വലയിലെത്തിക്കുന്നു.



പിന്നിൽ നിന്ന് കയറി വന്ന എംബാപ്പെ തനിക്ക് പാസ് കൈമാറാൻ പാകത്തിൽ വന്നു നിൽക്കുമെന്ന് മെസി എങ്ങനെ മനസിലാക്കി എന്നതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത്. ഇതുകൊണ്ടൊക്കെയാണ് ഫുട്ബോൾ ചരിത്രത്തിലെ ഏക്കാലത്തേയും മികച്ച താരമെന്ന് മെസിയെ വിശേഷിപ്പിക്കുന്നത് എന്നും ആരാധകർ അടിവരയിട്ട് പറയുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News