ഖത്തര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ട്: ഹ്യൂഗോ യോറിസ്

ലോകകപ്പില്‍ റെയിന്‍ബോ നിറത്തിലുള്ള ആം ബാന്‍ഡ് അണിയില്ലെന്ന് ഫ്രഞ്ച് ക്യാപ്റ്റന്‍

Update: 2022-11-16 09:58 GMT
Advertising

കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിന് പന്തുരുളാൻ ഇനി നാല് ദിനങ്ങളാണ് ബാക്കിയുള്ളത്. ലോകകപ്പിനെത്തുന്ന രാജ്യങ്ങളെ വരവേൽക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. അതിനിടയിൽ ആതിഥേയ രാജ്യത്തിനെതിരെ നിരവധി പേർ വലിയ വിമർശനങ്ങളുയർത്തി രംഗത്തുണ്ട്. ഖത്തറിന് ലോകകപ്പ് നൽകിയത് വലിയ തെറ്റായി പോയെന്നാണ് കഴിഞ്ഞ ദിവസം മുൻ ജർമൻ താരം ഫിലിപ് ലാം പ്രതികരിച്ചത്.

എന്നാലിപ്പോൾ ഫ്രാൻസ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹ്യൂഗോ യോറിസിന്‍റെ പ്രസ്ഥാവനയാണ് ഫുട്‌ബോൾ ലോകത്തെ പ്രധാന ചർച്ചകളിലൊന്ന്. ഖത്തറിനെതിരെ പ്രസ്താവനകൾ നടത്താൻ തങ്ങൾക്ക് മേൽ വലിയ സമ്മർദമുണ്ടെന്നാണ് യോറിസിന്‍റെ പ്രതികരണം.

''ആതിഥേയ രാജ്യത്തിനെതിരെ പ്രസ്താവനകൾ നടത്താൻ ഞങ്ങൾക്ക് മേൽ വലിയ സമ്മർദമുണ്ട്. ഇതൊക്കെ നിങ്ങൾക്ക് പത്ത് വര്‍ഷം മുമ്പ് ആവാമായിരുന്നു. ഇതിപ്പോൾ ഏറെ വൈകിയിരിക്കുന്നു. നാല് വർഷത്തിലൊരിക്കലാണ് ലോകകപ്പ് എത്താറുള്ളത്. കളിക്കാർക്ക് ഇത് വലിയൊരവസരമാണ്. അവർ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.. ബാക്കിയുള്ള വിവാദങ്ങളൊക്കെ രാഷ്ട്രീയ പ്രേരിതമാണ്'' - യോറിസ് പറഞ്ഞു. 

ഖത്തർ ലൈംഗിക ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു എന്നാരോപിച്ച് ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിൽ റെയിൻബോ നിറത്തിലുള്ള ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ താൻ അതിനോടൊപ്പം ചേരില്ലെന്നും മഴവില്‍ നിറത്തിലുള്ള ആം ബാൻഡ് അണിയില്ലെന്നും യോറിസ് വ്യക്തമാക്കി.

നേരത്തേ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്‍റ് നോയൽ ഗ്രേറ്റും ക്യാപ്റ്റൻ ആം ബാൻഡ് വിഷയത്തിൽ പ്രതികരിച്ചിരുന്നു. ആതിഥേയ രാജ്യത്തിന്റെ വിശ്വാസങ്ങളേയും സംസ്‌കാരത്തേയും ബഹുമാനിക്കണമെന്നായിരുന്നു ഗ്രേറ്റിന്റെ പ്രതികരണം.

'നമ്മള്‍ വിദേശികളെ നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ, അവർ നമ്മുടെ നിയമങ്ങൾ പാലിക്കണമെന്നും നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും  പലപ്പോഴും ആഗ്രഹിക്കാറുണ്ട്.. ഖത്തറിലെത്തുമ്പോള്‍ അവരുടെ സംസ്കാരത്തേയും വിശ്വാസങ്ങളേയും ബഹുമാനിക്കുക''- ഗ്രേറ്റ് പറഞ്ഞു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News