ആസ്‌ത്രേലിയയെ മറികടന്നാൽ ആരാകും ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി ?
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്
ദോഹ: ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി എത്തിയ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ത്രേലിയയാണ്. ഇന്ന് രാത്രി 12.30 നാണ് മത്സരം ആരംഭിക്കുക. അവസാന മത്സരത്തിൽ ഡെന്മാർക്കിനെ ഒരു ഗോളിന് തോൽപ്പിച്ചെത്തുന്ന ആസ്‌ത്രേലിയയെ എഴുതിത്തള്ളാൻ പറ്റില്ലെങ്കിലും ടീം കരുത്തിൽ അർജന്റീനയാണ് മുന്നിൽ. പ്രീക്വാർട്ടറിൽ ആസ്ത്രേലിയയെ തകർത്താൽ ആരാകും ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി ? . അമേരിക്ക-നെതർലാൻഡ്സ് മത്സരത്തിലെ വിജയികളെയാകും അർജന്റീന ക്വാർട്ടറിൽ നേരിടേണ്ടി വരിക.
ഗ്രൂപ്പ് എയിൽ രണ്ട് ജയവും ഒരു സമനിലയും നേടി 7 പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലാൻഡ്സ് പ്രീക്വാർട്ടറിൽ യോഗ്യത നേടിയതെങ്കിൽ ഗ്രൂപ്പ് ബിയിൽ ഒരു ജയവും 2 സമനിലയും നേടിയാണ് 5 പോയിന്റുമായി അമേരിക്ക രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് നെതർലാൻഡ്സ് - അമേരിക്ക മത്സരം.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. ജൂലിയൻ അൽവാരസും അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി ഗോൾ കണ്ടെത്തിയത്.
പ്രീക്വാർട്ടർ ലൈനപ്പ് ഇങ്ങനെ
നെതർലാൻഡ്‌സ് - അമേരിക്ക
അർജന്റീന - ആസ്‌ത്രേലിയ
ജപ്പാൻ- ക്രൊയേഷ്യ
ബ്രസീൽ - കൊറിയ
ഇംഗ്ലണ്ട് - സെനഗൽ
ഫ്രാൻസ് - പോളണ്ട്
മൊറോക്കോ - സ്‌പെയിൻ
പോർച്ചുഗൽ - സ്വിറ്റ്‌സർലാൻഡ്
ഡിസംബർ നാലിന് 8.30ന് ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ഫ്രാൻസും ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ടും തമ്മിൽ മത്സരിക്കും. ഡിസംബർ അഞ്ചിന് 8.30ന് ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായ ജപ്പാനും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമാണ് തമ്മിലാണ് പോരാട്ടം. 12.30ന് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലും അടുത്ത് റൗണ്ടിനായി പോരാടും.ഡിസംബർ ആറിന് 8.30ന് ഗൂപ്പ് എഫ് ചാമ്പ്യന്മാരായ മെറോക്കോയും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായ സ്പെയിനും തമ്മിലാണ് അങ്കം. 12.30ന് ഗ്രൂപ്പ് ജി ചാമ്പ്യന്മാരായ ബ്രസീലും ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ സൗത്ത് കൊറിയയും തമ്മിൽ മത്സരിക്കും.ഡിസംബർ ഏഴിന് അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് എച്ചിലെ ചാമ്പ്യന്മാരായ പോർച്ചുഗലും ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡും ഏറ്റുമുട്ടും.