'ക്രിസ്റ്റ്യാനോ റൊണാൾഡോ'യുടെ പേരില്‍ വെള്ളകുപ്പി പുറത്തിറക്കി സ്വീഡിഷ് കമ്പനി; പരസ്യം ഹിറ്റ്
പുനരുപയോഗിക്കാന്‍ കഴിയുന്ന വെള്ളകുപ്പികളില്‍ 'വെള്ളം കുടിക്കാന്‍ മാത്രം' എന്ന് എഴുതിയാണ് ഐകിയയുടെ പരസ്യം.
വാര്‍ത്തസമ്മേളനത്തിനിടെ കൊക്ക കോള കുപ്പികള്‍ മാറ്റിവെച്ച് വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീഡിയോ വൈറലായതോടെ വലിയ നഷ്ടമാണ് കൊക്ക കോള കമ്പനി നേരിട്ടത്. താരത്തിന്‍റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവരികയും കൊക്ക കോള കമ്പനി വിശദീകരണവും പുറത്തിറക്കിയിരുന്നു. റൊണോള്‍ഡോയുടെ നടപടിയിലൂടെ കൊക്ക കോളക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്.
ഇപ്പോഴിതാ ക്രിസ്റ്റ്യാനോയുടെ നടപടിയെ കച്ചവടാവശ്യത്തിനായി ഉപയോഗിച്ചിരിക്കുകയാണ് സ്വീഡിഷ് കമ്പനിയായ 'ഐകിയ'. ക്രിസ്റ്റ്യാനോയുടെ പേരില്‍ വാട്ടര്‍ബോട്ടില്‍ പുറത്തിറക്കിയ ഐകിയ ഒന്നേ ദശാംശം 99 ഡോളറിനാണ് അവ വില്‍പ്പന നടത്തുന്നത്. 147 രൂപയാകും കുപ്പിയുടെ ഇന്ത്യന്‍ വില. പുനരുപയോഗിക്കാന്‍ കഴിയുന്ന വെള്ളകുപ്പികളില്‍ 'വെള്ളം കുടിക്കാന്‍ മാത്രം' എന്ന് എഴുതിയാണ് ഐകിയയുടെ പരസ്യം.
അതെ സമയം ഐകിയയുടെ നീക്കത്തെ പ്രശംസിച്ചും രസകരമായ പ്രതികരണങ്ങള്‍ എഴുതിയും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെള്ളകുപ്പി'-കളില്‍ കൊക്ക കോളയോ ഹെയ്നെക്കനോ ഒഴിക്കാന്‍ പറ്റുമോയെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. കൃത്യസമയത്തെ പരസ്യമെന്നും ഐകിയയുടെ പരസ്യ ടീമിന് ശമ്പളം വര്‍ധിപ്പിച്ചു നല്‍കണമെന്നും മറ്റൊരാള്‍ കമന്‍റ് രേഖപ്പെടുത്തി.