സ്വവർഗാനുരാഗിയാണെന്നു വെളിപ്പെടുത്തി ഫുട്‌ബോൾ ഇതിഹാസം കസിയസ്; ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പുപറച്ചിൽ

കഴിഞ്ഞ വർഷമാണ് സ്‌പോർട്‌സ് ജേണലിസ്റ്റ് സാറാ കാർബൊണേറോയുമായി ഇകർ കസിയസ് വേർപിരിഞ്ഞത്

Update: 2022-10-09 15:04 GMT
Editor : Shaheer | By : Web Desk
Advertising

മാഡ്രിഡ്: സ്വവർഗാനുരാഗിയാണെന്ന് സ്വയം വെളിപ്പെടുത്തി ഫുട്‌ബോൾ ഇതിഹാസം ഇകർ കസിയസ്. സോഷ്യൽ മീഡിയയിലൂടെയാണ് റയൽ മാഡ്രിഡിന്റെ മുൻ ഇതിഹാസ നായകന്റെ പ്രഖ്യാപനം. എന്നാൽ, പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒടുവിൽ, താരത്തിന്റെ വിശദീകരണവും വന്നിട്ടുണ്ട്.

ഞാനൊരു സ്വവർഗാനുരാഗിയാണ്. നിങ്ങളെന്നെ മാനിക്കുമെന്നാണ് പ്രതീക്ഷ-ട്വിറ്ററിൽ കസിയസ് കുറിച്ചു. ട്വീറ്റ് ഡിലീറ്റ് ചെയ്ത ശേഷം തൊട്ടുമുൻപാണ് വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും എല്ലാ ഫോളോവർമാരോടും ക്ഷമചോദിക്കുകയാണെന്നും താരം കുറിച്ചു. പ്രത്യേകിച്ചും എൽ.ജി.ബി.ടി സമൂഹത്തോട് പ്രത്യേകിച്ചും ക്ഷമചോദിക്കുന്നുവെന്നും കസിയസ് കൂട്ടിച്ചേർത്തു.

എന്നാൽ, മുൻ ഗോൾകീപ്പറുടെ വെളിപ്പെടുത്തലിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. നമ്മുടെ കഥ പറയാനുള്ള സമയമായി എന്നാണ് കസിയസിന് പിന്തുണയുമായി മുൻ ബാഴ്‌സലോണ നായകൻ കാർലോസ് പുയോൾ കുറിച്ചത്.

ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഇകർ കസിയസ്. ഏറെക്കാലം അന്താരാഷ്ട്ര ഫുട്‌ബോളിൽ സ്‌പെയിനിന്റെയും ലീഗ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെയും വലകാത്ത വിശ്വസ്തൻ. 2010 ലോകകപ്പ് സ്‌പെയിനിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 2008ലെയും 2012ലെയും സ്പാനിഷ് യൂറോ കിരീടനേട്ടത്തിന്റെ ഭാഗവുമായി.

ദേശീയ ടീമിനുവേണ്ടി 167 മത്സരങ്ങളിലും റയൽ മാഡ്രിഡിനു വേണ്ടി 510 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 25 വർഷക്കാലമാണ് റയൽ കുപ്പായത്തിൽ കളിച്ചത്. ഒൻപതു വയസിൽ ടീമിനൊപ്പം ചേർന്ന കസിയസ് അഞ്ച് ലാലിഗ, മൂന്ന് ചാംപ്യൻസ് ലീഗ് കിരീടങ്ങളുടെയും ഭാഗമായി.

2016ലാണ് സ്‌പോർട്‌സ് ജേണലിസ്റ്റ് സാറാ കാർബൊണേറോയെ കസിയസ് വിവാഹം കഴിഞ്ഞത്. എന്നാൽ, 2021 മാർച്ചിൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ടു കുഞ്ഞുങ്ങളുമുണ്ട്.

Summary: Iker Casillas claims he was hacked and apologises to followers after "I'm gay" tweet

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News