ഐലീഗിലും ഐ.എസ്.എല്ലിലും സമനില; ബെംഗളൂരു-ഗോവ ബലാബലം, ഗോകുലത്തെ തളച്ച് ഷില്ലോങ്
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബെംഗളൂരു എഫ്.സി സ്വന്തം തട്ടകത്തിൽ സമനില പിടിച്ചത്.
ബെംഗളൂരു: ഐ.എസ്.എല്ലിലും ഐലീഗിലും സമനിലക്കളി. ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവക്കെതിരെ ബെംഗളൂരു എഫ്.സി (2-2) സമനില പിടിച്ചു. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബെംഗളൂരു തിരിച്ചുവരവ് നടത്തിയത്. 7ാം മിനിറ്റിൽ സന്ദേഷ് ജിംഗനിലൂടെ ഗോവ ആദ്യ ഗോൾനേടി. രണ്ടാം പകുതിയിൽ 66ാം മിനിറ്റിൽ സഹിൽ തവോറയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം റിയാൻ വില്യംസണിലൂടെ ആദ്യ ഗോൾ മടക്കിയ ആതിഥേയർ, 83ാം മിനിറ്റിൽ പെരേര ഡയസിലൂടെ സമനില പിടിച്ചു രക്ഷപ്പെട്ടു. കളിയിൽ നിന്ന് വിലപ്പെട്ട ഒരു പോയന്റ് സ്വന്തമാക്കിയ ബെംഗളൂരു മോഹൻ ബഗാനെ മറികടന്ന് പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്തേക്കെത്തി.
ഐ ലീഗിൽ ഷില്ലോങ് ലജോങാണ് മുൻ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിയെ (0-0) സമനിലയിൽ കുരുക്കിയത്. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ആദ്യ പകുതിയിൽ ലജോങ്ങിന്റെ മുന്നേറ്റങ്ങളെ കേരള ക്ലബ് ശക്തമായി പ്രതിരോധിച്ചു. 27ാം മിനുട്ടിൽ പരിക്കിനെ തുടർന്ന് പ്രതിരോധ താരം മഷൂർ ഷരീഫിനെ പിൻവലിച്ച് നിധിൻ കൃഷ്ണനെ കളത്തിലിറക്കി. ഇരു ടീമുകളും ശക്തമായി പൊരുതിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ വന്നില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന കളിച്ച ഗോകുലം എതിർ ഗോൾമുഖം നിരന്തരമായി വിറപ്പിച്ചു.
76ാം മിനുട്ടിൽ ലജോങ് താരം ഫിഗോയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ ഷിബിൻ രാജ് തട്ടികയറ്റിയതോടെ ഉറപ്പായിരുന്ന ഗോളിൽനിന്ന് ഗോകുലം രക്ഷപ്പെട്ടു. രണ്ടാം പകുതിക്ക് ശേഷം റിഷാദിനും വി.പി സുഹൈറിനും ഗോളിലേക്ക് തുറന്ന അവസരങ്ങൾ ലഭിച്ചുവെങ്കിലും നോർത്ത് ഈസ്റ്റ് ക്ലബിന്റെ പ്രതിരോധത്തിൽ ലക്ഷ്യത്തിലെത്തിക്കാനായില്ല. അഞ്ച് മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്താണിപ്പോൾ. ലജോങ് അഞ്ചാം സ്ഥാനത്തുമുണ്ട്. 19ന് രാജസ്ഥാൻ എഫ്.സിക്കെതിരേ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മലബാറിയൻസിന്റെ അടുത്ത മത്സരം.