ഇന്ത്യൻ ഗോൾകീപ്പറുടെ മുഖത്തടിച്ചു, പിന്നാലെ കൂട്ടത്തല്ല്; ഇന്ത്യ-അഫ്ഗാൻ മത്സര ശേഷം അസാധാരണ സംഭവങ്ങൾ
കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം
കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ-അഫ്ഗാൻ മത്സരത്തിന് ശേഷം നാടകീയ സംഭവങ്ങള്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു അഫ്ഗാൻ ഒഫീഷ്യൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഫൈനൽ വിസിൽ ഊതിയ ശേഷമായിരുന്നു തർക്കം ആരംഭിച്ചത്. ഇന്ത്യൻ ഡിഫൻഡർ ആകാശ് മിശ്രയും അഫ്ഗാൻ കളിക്കാരും തമ്മിലായിരുന്നു ആദ്യം വാഗ്വാദം. മിശ്രയുമായുള്ള ഉന്തും തള്ളിനുമിടെ സന്ധു ഓടിയെത്തി അഫ്ഗാൻ കളിക്കാരെ മാറ്റി. തൊട്ടുപിന്നാലെ ഇരുടീമിലെയും അംഗങ്ങളും ഒഫീഷ്യൽസുകളും ഓടിയെത്തി. അതിനിടെ, ഒരു അഫ്ഗാൻ ഒഫീഷ്യൽ സന്ധുവിന്റെ മുഖത്തടിച്ചു. സംഭവത്തിൽ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ വിശീകരണം ചോദിച്ചതായി റിപ്പോർട്ടുണ്ട്.
കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി, മലയാളി താരം സഹൽ അബ്ദുൽ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. അമീരി അഫ്ഗാന്റെ ആശ്വാസ ഗോൾ നേടി.
മലയാളി ടച്ച്
കളിയിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച രണ്ടാം ഗോളിന് പിന്നിൽ സമ്പൂർണ മലയാളി ടച്ച്. അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്. അതിന് വഴിയൊരുക്കി നൽകിയത് ബംഗളൂരു എഫ്സിയുടെ അതിവേഗ മലയാളി വിങ്ങർ ആഷിഖ് കുരുണിയനും. മെയ്ഡ് ഇൻ കേരള എന്ന അടിക്കുറിപ്പോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
അഫ്ഗാൻ ബോക്സിന് വെളിയിൽനിന്ന് മിഡ്ഫീൽഡർ ഗ്ലാൻ മാർട്ടിനസാണ് ഗോൾ നീക്കത്തിന് തുടക്കമിട്ടത്. ഗ്ലാൻ പന്ത് വലതുവിങ്ങിലുണ്ടായിരുന്ന ഉദാന്ത സിങ്ങിന് കൈമാറി. ഇടതുകാലിൽ കൊരുത്ത പന്തുമായി ബോക്സിലേക്ക് കടന്നു കയറിയ ഉദാന്ത പന്ത് ആഷിഖിന് മറിച്ചു. ബോക്സിനകത്തു നിന്ന് പിന്നോട്ട് വന്ന് പന്തെടുത്ത ആഷിഖിന് മുമ്പിൽ മൂന്ന് ഡിഫൻഡർമാർ. ഗംഭീരമായ ഫുട്വർക്ക് കൊണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ച് പന്ത് സഹലിലേക്ക്. പ്രതിരോധം മാർക് ചെയ്യും മുമ്പ് സഹൽ ഒറ്റത്തിരിച്ചിലും ഗ്രൗണ്ട് ഷോട്ടും. അഫ്ഗാൻ ഗോൾകീപ്പർ ഫൈസലിന്റെ വലതുവശത്തു കൂടി പന്ത് വലയിലേക്ക്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ആഹ്‌ളാദത്തിൻറെ അമിട്ടു പൊട്ടി.