അഫ്ഗാനോടും രക്ഷയില്ല; ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

സ്വന്തം തട്ടകത്തില്‍ ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ നീലപട രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങുകയായിരുന്നു.

Update: 2024-03-26 16:20 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഗുവഹാത്തി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം കളി കൈവിട്ട് ഇന്ത്യ. അഫ്ഗാനിസ്താനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. ഇന്ത്യന്‍ ജഴ്‌സിയില്‍ 150ാം മത്സരം കളിച്ച സുനില്‍ ഛേത്രി ഗോളുമായി തിളങ്ങി. അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ  യോഗ്യതാ റൗണ്ടില്‍ മുന്നേറാന്‍ ഇന്ത്യക്ക് ഖത്തര്‍,കുവൈത്ത്  ടീമുകള്‍ക്കെതിരെ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായി.

സ്വന്തം തട്ടകത്തില്‍ ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ നീലപട അവസാന 45 മിനിറ്റില്‍ തീര്‍ത്തും നിറം മങ്ങുകയായിരുന്നു. കളിയുടെ ഗതിക്ക് അനുകൂലമായി 36ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് നേടുന്നത്. പെനാല്‍റ്റിയിലൂടെയാണ് ലക്ഷ്യം കണ്ടത്. മണ്‍വീര്‍ വലതുവിങില്‍ നിന്ന് ഛേത്രിയെ ലക്ഷ്യമാക്കി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് അഫ്ഗാന്‍ താരം അമീരി കൈകൊണ്ട് തട്ടിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടിയത്.  കിക്കെടുത്ത ഛേത്രി അനായാസം പന്ത് വലയിലാക്കി. 39 കാരന്‍ കരിയറിലെ 94ാം ഗോളാണ് നേടിയത്.

രണ്ടാം പകുതിയില്‍ സമനില  പിടിക്കാനായി സന്ദര്‍ശകര്‍ ഇന്ത്യന്‍ ബോക്‌സിലേക്ക് അക്രമണം ശക്തമാക്കി. പ്രതിരോധത്തിലൂന്നിയാണ്  ആതിഥേയര്‍  അഫ്ഗാന്‍ നീക്കങ്ങളെ നേരിട്ടത്. 70ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ  അയല്‍ക്കാര്‍ സമനില കണ്ടെത്തി. ബോക്‌സിന് പുറത്തുനിന്ന് റഹ്മത്ത് അക്ബരി ഉതിര്‍ത്ത ഷോട്ട് ഡിഫന്‍ഡര്‍ രാഹുല്‍ബേകെയുടെ കാലില്‍ തട്ടി വലയില്‍ കയറി. അവസാന മിനിറ്റുകളില്‍ ഗോള്‍ നേടാനായി ഇന്ത്യന്‍ മുന്നേറ്റനിര അഫ്ഗാന്‍ ബോക്‌സിലേക്കെത്തിയെങ്കിലും ഫൈനല്‍തേര്‍ഡിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായി. 87ാം മിനിറ്റില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യയുടെ പ്രതിരോധം ഭേദിച്ച് ബോക്‌സിലേക്ക് ഒറ്റക്ക് കുതിച്ച അഫ്ഗാന്‍ താരത്തെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ബോക്‌സില്‍ വീഴ്ത്തി. കിക്കെടുത്ത ഷരീഫ് മുഹമ്മദ് പന്ത് അനായാസം വലയിലാക്കി(2-1).

സൗദി അറേബ്യയിലെ അബഹയില്‍ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. അതേസമയം, 2023 നവംബറിന് ശേഷമാണ് ഇന്ത്യ ഒരു മത്സരത്തില്‍ ഗോള്‍ നേടുന്നത്. തോല്‍വിയാണെങ്കിലും നിലവില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാമതാണ്. ഖത്തര്‍ ഒന്നാമതും അഫ്ഗാന്‍ മൂന്നാമതും കുവൈത്ത് നാലാമതുമാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News