അണ്ടർ-17 വനിതാ ലോകകപ്പ്: ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്
ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് എതിരില്ലാത്ത എട്ട് ഗോളിന് തോറ്റിരുന്നു
ഭുവനേശ്വർ: അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പ് ഘട്ടത്തില രണ്ടാം മത്സരത്തിലും തോറ്റാണ് ആതിഥേയർ പുറത്താകുന്നത്. ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ വൻ തോൽവി വഴങ്ങിയ ഇന്ത്യ ഇന്നലെ നടന്ന മത്സരത്തിൽ മൊറോക്കോയോട് പൊരുതിത്തോൽക്കുകയായിരുന്നു. 3-0നാണ് തോൽവി.
ആദ്യ മത്സരത്തിൽ നാണംകെട്ട തോൽവി വഴങ്ങിയ ശേഷമാണ് ഇന്ത്യൻ വനിതാപട ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ മൊറോക്കോയ്‌ക്കെതിരെ ഇറങ്ങിയത്. എന്നാൽ, ആദ്യ തോൽവിയുടെ ക്ഷീണം അറിയാതെയായിരുന്നു ടീം ആദ്യ പകുതി മുഴുവൻ നിറഞ്ഞുകളിച്ചത്. മൊറോക്കോയുടെ കരുത്തിനെ ഭയക്കാതെ കളിച്ച ഇന്ത്യൻ സംഘം ഒന്നാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.
എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റിയിലൂടെ മൊറോക്കോ മുന്നിലെത്തുകയായിരുന്നു. 62-ാം മിനിറ്റിൽ മൊറോക്കോയുടെ ലീഡ് രണ്ടായി. തിരിച്ചടിക്കാൻ ഇന്ത്യൻ വനിതകൾ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും വീണതോടെ ടീം ഇന്ത്യ പൂർണമായി കീഴടങ്ങുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് എതിരില്ലാത്ത എട്ട് ഗോളിന് തോറ്റിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യ ഇനി ബ്രസീലിനെ നേരിടും.
Summary: India lose to Morocco 0-3, out of FIFA U-17 Women's World Cup 2022