ഇന്ത്യക്ക് അഞ്ചാം തവണയും ഏഷ്യാകപ്പ് യോഗ്യത; ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ന് ഹോങ്കോങ്ങിനെതിരെ
ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ ഫലസ്തീൻ 4-0 ത്തിന് തോൽപ്പിച്ചതാണ് നീലപ്പടയെ തുണച്ചത്
കൊൽക്കത്ത: ഹോങ്കോങ്ങിനെതിരെയുള്ള അവസാന യോഗ്യതാ മത്സരത്തിന് മുമ്പേ ഏഷ്യാ കപ്പ് ടൂർണമെൻറിലേക്ക് യോഗ്യത നേടി ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ ഫലസ്തീൻ 4-0 ത്തിന് തോൽപ്പിച്ചതാണ് നീലപ്പടയെ തുണച്ചത്. ഇന്ന് രാത്രി ഗ്രൂപ്പ് ഡിയിലെ അവസാന യോഗ്യത മത്സരത്തിൽ ജയിച്ചാൽ ടീമിന് ഗ്രൂപ്പ് ജേതാക്കളായി ടൂർണമെൻറിലേക്ക് പ്രവേശിക്കാം. ആറു പോയൻറുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. ആറു പോയൻറ് തന്നെയുള്ള ഹോങ്കോങ്ങ് ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനം കയ്യടക്കുകയായിരുന്നു. ഗ്രൂപ്പുകളിൽ മികച്ച രണ്ടാം സ്ഥാനക്കാരായ ആറു ടീമുകളിൽ അഞ്ചിനും ഏഷ്യാ കപ്പിന് ബർത്ത് ഉറപ്പായിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനത്തുള്ള ടീം യോഗ്യത നേടിയത്.
കൊൽക്കത്തയിൽ നടന്ന ആദ്യ യോഗ്യത മത്സരത്തിൽ കംബോഡിയയെ 2-0ത്തിന് പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 2-1ന് തകർത്തിരുന്നു. ടീം ഇതുവരെ നേടിയ നാല് ഗോളുകളിൽ മൂന്നും വലയിലാക്കിയത് ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ്. ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് എ.എഫ്.സി ഏഷ്യാ കപ്പ്. 24 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക. നേരത്തെ 13 ടീമുകൾ യോഗ്യത നേടിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഹോങ്കോങ്ങിനെതിരെ വിജയിച്ച് ഗ്രൂപ്പ് ജേതാക്കളാകാനാകും ഇന്ത്യയുടെ ശ്രമം.
ഇന്ത്യന്‍ കരുത്ത്
മികച്ച ഫോമിലാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പിന്തുണയുമായി മുന്നേറ്റനിരയിൽ മൻവീർ സിങും ലിസ്റ്റൺ കൊളാക്കോയും ആഷിഖ് കുരുണിയനും മികച്ച ഫോമിലാണ്. അഫ്ഗാനെതിരെ നടന്ന മത്സരത്തിലെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ആഷിഖ് ആയിരുന്നു. മധ്യനിരയിൽ സഹലും സുരേഷും റോഷൻ സിങും ആകാശ് മിശ്രയും കരുത്ത് കാണിക്കുമ്പോൾ പ്രതിരോധ കോട്ട കാക്കുന്ന സന്ദേശ് ജിങ്കാനും അൻവർ അലിയും മികച്ച ഫോമിലാണ്.
അഫ്ഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും കംബോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചാണ് ഹോങ്കോങ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.
India qualifies for Asia Cup for fifth time