ആഷിഖിന്റെ ഗോൾ; സമനില പിടിച്ച് ഇന്ത്യ
മൈതാന മധ്യത്തു നിന്ന് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്‌തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്
ഹോചിമിന്‍ സിറ്റി: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഓരോ ഗോൾ വീതമടിച്ച് ഇന്ത്യയും സിംഗപൂരും. 35-ാം മിനിറ്റിൽ ഇക്‌സാൻ ഫാൻഡിയിലൂടെ സിംഗപൂരാണ് ആദ്യ ഗോൾ കണ്ടെത്തിയത്. 43-ാം മിനിറ്റിൽ മലയാളി താരം ആഷിഖിലൂടെ ഇന്ത്യ സമനില പിടിച്ചു.
പതിഞ്ഞ താളത്തോടെ, പരസ്പരം ബഹുമാനിച്ചാണ് ഇരുടീമുകളും കളിച്ചത്. ആദ്യപകുതിയുടെ തുടക്കത്തിൽ ഇന്ത്യയാണ് പന്ത് കൂടുതൽ കൈവശം വച്ചതെങ്കിലും ഗോൾ നേടിയത് സിംഗൂപരാണ്. പോസ്റ്റിന് വെളിയിൽ നിന്ന് കിട്ടിയ ഫ്രീകിക്ക് പ്രതിരോധ താരം ജീക്‌സൺ സിങ്ങിന്റെ ദേഹത്തു തട്ടി ദിശ മാറിയാണ് ഇന്ത്യൻ വലയിൽ കയറിയത്.
ഗോൾ നേടിയ ശേഷം ഉണർന്നു കളിച്ച സിംഗപൂരിനെതിരെ പത്തു മിനിറ്റിനകം തന്നെ ഇന്ത്യ സമനില പിടിച്ചു. മൈതാന മധ്യത്തു നിന്ന് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്‌തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്. സഹൽ നൽകിയ പാസ് ക്യാപറ്റൻ സുനിൽ ഛേത്രി ബോക്‌സിന് മുമ്പിൽ ആശിഖിന് മറിച്ചു നൽകി. ഗോളി മാത്രം മുമ്പിൽ നിൽക്കെ ആഷിക് മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.
ഫിഫ റാങ്കിങ്ങിൽ 159-ാം സ്ഥാനത്തുള്ള ടീമാണ് സിംഗപൂർ. ഇന്ത്യ 104-ാം സ്ഥാനത്തും. കോച്ച് ഇഗോൾ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ ഈയിടെ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചിരുന്നു. ജൂണിന് ശേഷമാണ് ടീം ഇന്ത്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.