ഇരട്ടഗോളിന് ലെബനോനെ വീഴ്ത്തി; ഇന്ത്യ ഇൻറർകോണ്ടിനെൻറൽ കപ്പ് ജേതാക്കൾ
ആദ്യ പകുതി ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ നീലക്കടുവകൾ ഗർജിക്കുകയായിരുന്നു
കലിംഗ: ഫൈനലിൽ ഇരട്ടഗോളിന് ലെബനോനെ വീഴ്ത്തി ഇന്ത്യ ഇൻറർകോണ്ടിനെൻറൽ കപ്പ് ജേതാക്കൾ. ഒഡിഷയിലെ കലിംഗ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ സുനിൽ ഛേത്രിയാണ് നീലക്കടുവകൾക്ക് ആദ്യം ലീഡ് നേടിക്കൊടുത്തത്. 46ാം മിനിട്ടിൽ താരം ലെബനോൻ വല കുലുക്കുകയായിരുന്നു. 66 മിനിട്ടിൽ ചാങ്‌തെയിലൂടെ ഇന്ത്യ രണ്ടാം ഗോൾ നേടി.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ നീലക്കടുവകൾ ഗർജിക്കുകയായിരുന്നു. നിലവിലെ ജേതാക്കളായ ഇന്ത്യ തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്. ടൂർണമെൻറിൽ ഏറ്റവും ഒടുവിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ജൂൺ 15ന് നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് കലാശിച്ചിരുന്നത്.
എ.എഫ്.സി ഏഷ്യൻ കപ്പ് നടക്കാനിരിക്കെ ഓരോ മത്സരങ്ങളും പ്രധാന്യത്തോടെയാണ് ടീം ഇന്ത്യ കണ്ടത്. അവസാന 7 മത്സരങ്ങളിലും ടീം ക്ലീൻ ഷീറ്റ് നിലനിർത്തുന്നത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്.
ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളിനും വനുവറ്റുവിനെ എതിരില്ലാത്ത ഒരു ഗോളിനും ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ലെബനോനെതിരെ ഗോളടിക്കാനായില്ല. പക്ഷെ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ നീലപ്പടയ്ക്ക് അവസരങ്ങൾ ഏറെ കിട്ടിയെങ്കിലും വലകുലുക്കാനായില്ല. കളിയുടെ തുടക്കത്തിൽ ഇരുടീമുകളുടെയും ഗോൾമുഖത്തേക്ക് പന്തെത്തിയിരുന്നില്ല. പന്ത് കൈവശം വയ്ക്കുന്നതിൽ ഇന്ത്യൻ ടീം അംഗങ്ങൾ മത്സരിച്ചു. പക്ഷേ ഗോളടിക്കാനായില്ല. ഗോളെന്ന് ഉറച്ച മൂന്ന് അവസരങ്ങൾ ഇന്ത്യൻ താരങ്ങൾ പാഴാക്കി. ആഷിഖ് കുരുണിയനും അനിരുദ്ധ് ഥാപ്പയും ഇന്ത്യക്കായി ഗോൾ കണ്ടെത്തുമെന്ന ഉറപ്പിച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതേസമയം ലെബനോന് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനായില്ല. ഇരു ടീമിനും ഓരോ ഓൺ ടാർഗറ്റ് ഷോട്ടുകൾ മാത്രമേ സ്വന്തമാക്കാനായുള്ളൂ. വാനുവാട്ടുവിനെതിരെ സുനിൽ ഛേത്രി നേടിയ തകർപ്പൻ ഗോളോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടിയത്.
India beat Lebanon by two goals to become Intercontinental Cup champions