ഇറാഖിനെതിരെ ഇന്ത്യൻ ലൈനപ്പായി; സഹലും ആഷിഖും ആദ്യ ഇലവനിൽ
ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.
ബാങ്കോക്ക്: കിങ്‌സ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഇറാഖിനെതിരെയുള്ള ആദ്യ മത്സരത്തിൽ മൂന്നു മലയാളികൾ ഇന്ത്യൻ ടീമിൽ. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്‌സിന്റെ സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാഹുൽ കെപിയുമാണ് ടീമിൽ ഇടംപിടിച്ചത്. ഇതിൽ സഹലും ആഷികും ആദ്യ പതിനൊന്നിലുണ്ട്. പകരക്കാരുടെ ബഞ്ചിലാണ് രാഹുല്‍. വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് മത്സരം.
ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഗോൾവലയ്ക്കു കീഴിൽ ഗുർപ്രീത് സന്ധുവാണ്. അൻവർ അലി, സന്ദേശ് ജിങ്കൻ, ആകാശ് മിശ്ര, നിഖിൽ പുജാരി എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. അനിരുദ്ധ് ഥാപ്പ-ജീക്‌സൺ സിങ് ദ്വയത്തിനാണ് ഡിഫൻസീവ് മധ്യനിരയുടെ ചുക്കാൻ. അറ്റാക്കിങ് മിഡ്ഫീൽഡിൽ സഹൽ അബ്ദുൽ സമദും മഹേഷ് സിങ്ങും ആഷികും. മൻവീറായിരിക്കും ഏക സ്‌ട്രൈക്കർ.
ഫിഫ റാങ്കിങ്ങിൽ 99-ാം സ്ഥാനത്താണ് ഇന്ത്യ. ഇറാഖ് എഴുപതാം സ്ഥാനത്തും. അടുത്ത വർഷം ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള മുന്നൊരുക്കമായാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് ടൂർണമെന്റിനെ കാണുന്നത്. ലെബനനും തായ്‌ലാൻഡുമാണ് ടൂർണമെന്റിലെ മറ്റു ടീമുകൾ.
13 വർഷം മുമ്പാണ് ഇതിന് മുമ്പ് ഇന്ത്യയും ഇറാഖും ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ തോറ്റു.