ഗോളടിക്കാൻ മറന്നു; ഛേത്രിയുടെ വിടവാങ്ങൾ മത്സരത്തിൽ ഇന്ത്യക്ക് സമനില കുരുക്ക്

കുവൈത്തിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിർണായകമായി. സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല.

Update: 2024-06-06 16:14 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത അരലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യക്ക് നിരാശയുടെ രാവ്. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം (0-0) ഗോൾരഹിത സമനിലയിൽ കലാശിച്ചു. വിരമിക്കൽ മത്സരം കളിച്ച ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് വിജയത്തോടെ വിടചൊല്ലാനായില്ല. കുവൈത്തിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിർണായകമായി.അവസാന മത്സരത്തിൽ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈത്തിനാകട്ടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.അവസാന മിനിറ്റുകളിൽ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ഇന്ത്യ വിജയം കൈവിടുകയായിരുന്നു. നേരത്തെ കുവൈത്തിനെതിരെ ആദ്യപാദത്തിൽ നീലപട ജയം നേടിയിരുന്നു.

 നാലാം മിനിറ്റിൽ കുവൈത്തിന് മികച്ച അവസരം ലഭിച്ചു. നീലപടയുടെ പ്രതിരോധത്തിലെ ആശയകുഴപ്പം മുതലെടുത്ത് പെനൽറ്റി ബോക്‌സിലേക്ക് മുന്നേറി ഹസൻ അലേൻസി ഉതിർത്ത ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ കാലിൽ തട്ടി പുറത്തുപോയി. എന്നാൽ അതിവേഗം കളിയിലേക്ക് മടങ്ങിയെത്തിയ ആതിഥേയർ ഇരു വിങുകളിലൂടെ കുവൈത്ത് ബോക്‌സിലേക്ക് ഇരമ്പിയെത്തി. പതിനൊന്നാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ നൽകിയ ക്രോസ് സുനിൽ ചേത്രിക്ക് കണക്ട് ചെയ്യാനായില്ല. പിന്നാലെ അനിരുത്ഥ് ഥാപ്പയെടുത്ത കോർണർ കിക്കിൽ നിന്ന് അൻവർ അലി തൊടുത്ത ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 25ാം മിനിറ്റിൽ കുവൈത്തിന് സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.

ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം അൽ റഷീദി നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ കൗണ്ടർ അറ്റാക്കിലൂടെ ഗോൾനേടാനുള്ള അവസരം ഇന്ത്യയും കളഞ്ഞുകുടിച്ചു. ഇടതുവിംഗിൽ നിന്ന് ജേ ഗുപ്ത നൽകിയ മികച്ച ക്രോസ് സഹൽ അബ്ദുൾ സമദിന്റെ കാലിലെത്തും മുമ്പ് കുവൈത്ത് പ്രതിരോധനിര താരം തട്ടിയകറ്റി. രണ്ടാം പകുതിയിൽ കുവൈത്തിനും ഇന്ത്യക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾനേടാനുള്ള മികച്ച അവസരം ഇന്ത്യൻ താരം അൻവർ അലി നഷ്ടപ്പെടുത്തി. ഇഞ്ചുറി സമയത്തടക്കം ഇരുടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും പ്രതിരോധകോട്ടയിൽ തട്ടിതെറിച്ചു.  ഇതിഹാസ താരത്തെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സഹതാരങ്ങൾ യാത്രയാക്കിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News