പ്രതിരോധം പാളി; ഉസ്ബകിസ്താനെതിരെ ആദ്യ പകുതിയിൽ ഇന്ത്യ മൂന്ന് ഗോളിന് പിന്നിൽ
മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. സുനിൽ ഛേത്രിയടക്കം പന്ത് ലഭിക്കാതെ നിസഹായനായി.
റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ഞെട്ടൽ. ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഉസ്ബകിസ്താൻ മുന്നിട്ട് നിൽക്കുന്നു. നാലാം മിനിറ്റിൽ അബോസ്‌ബെക് ബയിസുള്ളവിലൂടെയാണ് ഉസ്ബകിസ്താൻ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ബോക്‌സിന് പുറത്തുനിന്ന് മുന്നേറി കളിച്ച ഷുക്‌റോവ് നൽകിയ പാസിൽ നിന്നായിരുന്നു ആദ്യ പ്രഹരം. 18ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധതാരങ്ങളുടെ പിഴവിൽ വീണ്ടും വലകുലുങ്ങി. ബോക്‌സിലേക്ക് ഉസ്ബകിസ്താൻ താരം നൽകിയ ക്രോസ് തട്ടിയകറ്റുന്നതിൽ ഇന്ത്യൻ പ്രതിരോധ താരങ്ങൾക്ക് പിഴച്ചു. ക്ലിയർചെയ്ത പന്ത് പോസ്റ്റിൽ തട്ടി നേരെ ബോക്്‌സിൽ. തക്കംപാർത്തിരുന്ന സ്‌ട്രൈക്കർ ഇഗോർ സെർജീവ് അനായാസം വലയിലാക്കി.
രണ്ട് ഗോൾ വഴങ്ങിയതോടെ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. സുനിൽ ഛേത്രിയടക്കം പന്ത് ലഭിക്കാതെ നിസഹായനായി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൂന്നാമതും വലകുലുക്കി എതിരാളികൾ ഇന്ത്യക്ക് മേൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ പ്രതിരോധ താരം ഷെർസോദ് സസ്്‌റുള്ളാവാണ് ഗോൾ നേടിയത്.
രണ്ടാപകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ഇന്ത്യക്ക് ഇനി അത്ഭുതങ്ങൾ കാണിക്കേണ്ടിവരും. അതേസമയം ആദ്യ പകുതിയിൽ മൂന്ന് ഗോൾ നേടിയെങ്കിലും 58 ശതമാനവും ബോൾ പൊസിഷൻ ഇന്ത്യക്കായിരുന്നു. ഒരു തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനും ഇന്ത്യക്കായി. മധ്യനിരയിൽ അനിരുഥ് ഥാപ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് ആസ്‌ത്രേലിയക്കെതിരായ മത്സരത്തിൽ നിന്നുള്ള പ്രധാന മാറ്റം.
പ്രതിരോധത്തിൽ സുബാശിഷ് ബോസിന് പകരം നിഖിൽ പൂജാരിയും ആദ്യ ഇലവനിലെത്തി. ആദ്യ കളിയിൽ തോൽവി നേരിട്ട ഇന്ത്യക്ക് പ്രീക്വാർട്ടർ സ്വപ്‌നം കാണണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. സമനിലപോലും പുറത്തേക്കുള്ള വഴിയൊരുക്കും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 102-ാം സ്ഥാനത്തും ഉസ്‌ബെക്കിസ്ഥാൻ 68-ാമതുമാണ്. ആദ്യ മത്സരത്തിൽ സിറിയയോട് തോറ്റ ഉസ്‌ബെക്കിസ്താനും മത്സരം നിർണായകമാണ്.