ഏഷ്യാ കപ്പിൽ ആസ്‌ത്രേലിയക്കെതിരെ കോട്ടകെട്ടി ഇന്ത്യ; ആദ്യ പകുതി സമനിലയിൽ
ഖത്തറിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ആരവം മുഴക്കിയ നീലകടലിന് മുന്നിൽ മികച്ച പ്രകടനമാണ് സുനിൽ ഛേത്രിയും സംഘവും പുറത്തെടുത്തത്.
ദോഹ: ഇരമ്പിയെത്തിയ ആസ്‌ത്രേലിയൻ മുന്നേറ്റതാരങ്ങളെ ആദ്യ പകുതിയിൽ ഫലപ്രദമായി പ്രതിരോധിച്ച് ഇന്ത്യ. എ.എഫ്.സി ഏഷ്യൻ കപ്പിലെ ആദ്യ 45 മിനിറ്റ് ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഖത്തറിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ആരവം മുഴക്കിയ നീലകടലിന് മുന്നിൽ മികച്ച പ്രകടനമാണ് സുനിൽ ഛേത്രിയും സംഘവും പുറത്തെടുത്തത്. മൂന്നാം മിനിറ്റിൽ ചാങ്‌തേയുടെ മുന്നേറ്റത്തിലൂടെ സ്വപ്‌ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.
ബോക്‌സിലേക്ക് കുതിച്ച് കയറിയ യുവതാരം ഷോട്ടുതിർത്തെങ്കിലും ലക്ഷ്യംകണ്ടില്ല. ഒൻപതാം മിനിറ്റിൽ ഇടതുപാർശ്വത്തിൽ നിന്ന് മുന്നേറിയ ചാങ്‌തേ മൻവിർ സിങിനെ ലക്ഷ്യമാക്കി മികച്ച ക്രോസ് നൽകി. എന്നാൽ പന്ത് വരുതിയിലാക്കി മുന്നേറുന്നതിൽ താരത്തിന് പിഴച്ചു. മറ്റൊരു അവസരംകൂടി ഇന്ത്യക്ക് നഷ്ടമായി. ആദ്യ പത്ത് മിനിറ്റിലെ മുന്നേറ്റമൊഴിച്ചാൽ മത്സരത്തിൽ ഭൂരിഭാഗവും പന്ത്‌കൈവശം വെച്ചത് സോക്കറൂസായിരുന്നു.
സന്തോഷ് ജിംഗന്റെ മികച്ചപ്രതിരോധമാണ് ഗോൾ വഴങ്ങുന്നതിൽ നിന്ന് നീലപടയെ രക്ഷിച്ചത്. 72 ശതമാനവും പന്ത് കൈവശം വെച്ചത് ഓസീസായിരുന്നു. 14 തവണ ഷോട്ടെടുത്തത്. എന്നാൽ ഇന്ത്യൻ പ്രതിരോധത്തിൽ തട്ടിയതിനാൽ രണ്ട് തവണമാത്രമാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായത്. ആദ്യപകുതിയിൽ ഇന്ത്യ ഒരുതവണ ലക്ഷ്യത്തിലേക്ക് പന്തടച്ചു.