ബാഴ്സയ്ക്ക് വീണ്ടും തോൽവി, ബയേണിനും ലിവർപൂളിനും ജയം

തുടർച്ചയായ രണ്ടാം തോൽവിയോടെ ബാഴ്സയുടെ പ്രീക്വാർട്ടർ സാധ്യത പ്രതിസന്ധിയിലായി

Update: 2022-10-05 07:12 GMT
Editor : André | By : Web Desk
Advertising

മിലാൻ: തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രതിസന്ധി മുഖത്ത്. കഴിഞ്ഞ വാരാന്ത്യത്തിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്തേക്കു മുന്നേറിയ കാറ്റലൻ സംഘം ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇന്റർ മിലാനോട് തോറ്റതോടെയാണ് നില പരുങ്ങലിലായത്. ഇന്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹകാൻ ചൽഹനോഗ്ലുവിന്റെ ഗോളാണ് വിധിയെഴുതിയത്.

ലീഗിലെ മറ്റു മത്സരങ്ങളിൽ ലിവർപൂൾ, ബയേൺ മ്യൂണിക്ക്, നാപോളി, മാഴ്‌സേ, എഫ്.സി പോർട്ടോ ടീമുകൾ ജയം കണ്ടപ്പോൾ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ക്ലബ്ബ് ബ്രുഗ്ഗ് രണ്ട് ഗോളിന് തോൽപ്പിച്ചു.

പരസ്പരം കളിച്ച അവസാന പത്ത് മത്സരങ്ങളിൽ ഒരുതവണ മാത്രം ജയിച്ച ഇന്റർ 'മരണ ഗ്രൂപ്പെ'ന്ന വിശേഷമുള്ള ഗ്രൂപ്പ് സിയിൽ കനത്ത പോരാട്ടം നടത്തിയാണ് ബാഴ്‌സയെ വീഴ്ത്തിയത്. ഏഴാം മിനുട്ടിൽ കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ബാഴ്‌സയുടെ ഗോൾമുഖം വിറപ്പിച്ച ചൽഹനോഗ്ലു ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിലാണ് കാർപ്പറ്റ് ഷോട്ടിലൂടെ വലകുലുക്കിയത്. ഓഫ്‌സൈഡിന്റെ സഹായത്തോടെ ഒരുതവണ പെനാൽട്ടിയിൽ നിന്നും മറ്റൊരിക്കൽ ഗോളിൽ നിന്നും രക്ഷപ്പെട്ട ബാഴ്‌സയ്ക്ക് ബോക്‌സിനു പുറത്തുനിന്ന് സർവസ്വതന്ത്രനായി തുർക്കിഷ് താരം തൊടുത്ത ഷോട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ബാഴ്‌സ 68-ാം മിനുട്ടിൽ പെഡ്രിയിലൂടെ ലക്ഷ്യം കണ്ടെന്ന് തോന്നിയെങ്കിലും അൻസു ഫാത്തി പന്ത് കൈകൊണ്ട് സ്പർശിച്ചെന്ന് റീപ്ലേകളിൽ തെളിഞ്ഞതോടെ റഫറി ഗോൾ അസാധുവാക്കി. അവസാന നിമിഷങ്ങളിൽ ഇന്റർ താരം ഡെൻസൽ ഡെംഫ്രയ്സ് ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടെങ്കിലും റഫറി പെനാൽട്ടി അനുവദിച്ചില്ല.

ഇതേഗ്രൂപ്പിൽ ദുർബലരായ വിക്ടോറിയ പ്ലാസനെ എതിരില്ലാത്ത അഞ്ചുഗോളിന് തകർത്ത് ബയേൺ രണ്ടാം റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ലിറോയ് സാനെയുടെ ഇരട്ട ഗോളുകളും സെർജി നാബ്രി, സാദിയോ മാനെ, ചോപോമോട്ടിങ് എന്നിവരുടെ ഗോളുകളുമാണ് ബയേണിന് വൻജയം സമ്മാനിച്ചത്. ഗ്രൂപ്പിൽ ആദ്യറൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒൻപത് പോയിന്റുമായി ബയേണും ആറ് പോയിന്റോടെ ഇന്ററുമാണ് ആദ്യരണ്ട് സ്ഥാനങ്ങളിൽ. മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് അടുത്ത മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാലേ നോക്കൗട്ട് പ്രതീക്ഷയുള്ളൂ.

ഗ്രൂപ്പ് എയിൽ അയാക്‌സിനെ ഒന്നിനെതിരെ ആറു ഗോളിന് തകർത്ത് നാപോളി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സ്വന്തം ഗ്രൗണ്ടിൽ ഒമ്പതാം മിനുട്ടിൽ അയാക്‌സ് മുഹമ്മദ് കുദുസിലൂടെ മുന്നിലെത്തിയിരുന്നെങ്കിലും ഗ്യാക്കോമോ റസ്പഡോറി (രണ്ട്), ജിയോവന്നി ഡി ലോറൻസോ, പ്രോയ്റ്റർ സെലിൻസ്‌കി, ഖ്വിച്ച ക്വറത്‌കെലിയ, ജിയൊവന്നി സിമയോണി എന്നിവർ ഇറ്റാലിയൻ സംഘത്തിന് വൻജയം സമ്മാനിക്കുകയായിരുന്നു. 73-ാം മിനുട്ടിൽ ദുസൻ ടാഡിച്ച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അയാക്‌സിന് ഇരട്ട ആഘാതമായി.

 

ഇതേ ഗ്രൂപ്പിൽ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, മുഹമ്മദ് സലാഹ് (പെനാൽട്ടി) എന്നിവരുടെ ഗോളിലാണ് ലിവർപൂൾ റേഞ്ചേഴ്‌സിനെ തകർത്തത്. ഇംഗ്ലീഷ് സംഘം രണ്ടാം സ്ഥാനത്താണ്.

ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രുഗ് കമാൽ സൊവാഹ്, ഫെറാൻ ജുഗ്ല എന്നിവർ നേടിയ ഗോളുകളിലാണ് അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചത്. രണ്ട് ഗോൡന് പിറകിലായ ശേഷം ആന്റോയ്ൻ ഗ്രീസ്മൻ പെനാൽട്ടി നഷ്ടപ്പെടുത്തിയതോടെ അത്‌ലറ്റികോയുടെ തിരിച്ചുവരവിന്റെ പ്രതീക്ഷകൾ അവസാനിച്ചു. മൂന്നാം ജയത്തോടെ ക്ലബ്ബ് ബ്രൂഗ് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ ശക്തമാക്കിയപ്പോൾ മൂന്നു പോയിന്റുമായി അത്‌ലറ്റികോ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News