ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
സൂപ്പർകപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെയാണ് ഇഷ്ഫാഖും പടിയിറങ്ങുന്നത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് ഇഷ്ഫാഖ് അഹമ്മദ്. കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ഇഷ്ഫാഖിന്റെ കാലാവധി ഈ വർഷത്തോടെ അവസാനിക്കും. ഇഷ്ഫാഖുമായി ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കുന്നില്ല. 2020ൽ കാലാവധി കഴിഞ്ഞപ്പോൾ മൂന്ന് വർഷത്തേക്ക് കരാർ നീട്ടിനൽകിയിരുന്നു. ഈ കരാറാണ് 2023ഓടെ അവസാനിക്കുന്നത്.
നേരത്തെ കിബു വികൂന പരിശീലക സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ മുഖ്യപരിശീലകനായും ഇഷ്ഫാഖ് തിളങ്ങിയിരുന്നു. ഇഷ്ഫാഖിന്റെ എല്ലാ പരിശ്രമങ്ങൾക്കും പിന്തുണക്കും നന്ദി രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കുമെന്നും ഭാവിപരിപാടികൾക്ക് എല്ലാവിധ പിന്തുണ അറിയിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സൂപ്പർകപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെയാണ് ഇഷ്ഫാഖും പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചുവടും അവ്യക്തം.
കേരള ബ്ലാസ്‌റ്റേഴ്‌സിൽ കളിച്ച ഇഷ്ഫാഖ്, പിന്നീട് പരിശീലക വേഷത്തിലേക്ക് മാറുകയായിരുന്നു. ഐ.എസ്.എല്ലിലെ വിവാദങ്ങളെ തുടർന്ന് ഇവാൻ വുകമിനോവിച്ചിന് വിലക്ക് ഏർപ്പെടുത്തിയ പശ്ചാതലത്തിൽ ഇഷ്ഫാഖ് പകരക്കാരനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ബെൽജിയാംകാരൻ ഫ്രാങ്ക് ഡോവനെയാണ് ചുമതലയേൽപ്പിച്ചത്. സൂപ്പര്‍കപ്പില്‍ ശ്രീനിധി ഡെക്കാനോട് അപ്രതീക്ഷിത തോല്‍വിയും ബംഗളൂരു എഫ്.സിയോട് സമനിലയും പിടിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് പുറത്താകുകയും ചെയ്തു. അതേസമയം ഇഷ്ഫാഖിന്റെ പകരക്കാരൻ ആരാണെന്ന് വ്യക്തമല്ല.
Thank You Ishfaq Ahmed for all your efforts and the passion with which, you contributed towards the team. You will always be remembered fondly by the KBFC family. 💛
— Kerala Blasters FC (@KeralaBlasters) April 18, 2023
Wishing you the best, for all your future endeavours. #KBFC #KeralaBlasters pic.twitter.com/xrUwU7Lmbj
Summary- Ishfaq Ahmed resigns as Kerala Blasters assistance coach