രക്ഷകനായി അമരീന്ദര്‍; ഒഡീഷയോട് കഷ്ടിച്ച് രക്ഷപ്പെട്ട് എ.ടി.കെ

സമനിലയോടെ 17 കളികളിൽ നിന്ന് 31 പോയിന്റുമായി എ.ടി.കെ മോഹന്‍ബഗാന്‍ മൂന്നാം സ്ഥാനത്താണ്

Update: 2022-02-25 04:11 GMT
Advertising

ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനക്കാരായ ഒഡീഷ.എഫ്.സിയോട് കഷ്ടിച്ച് രക്ഷപ്പെട്ട് എ.ടി.കെ മോഹൻ ബഗാൻ. കളിയില്‍  ഒഡീഷക്ക് ലഭിച്ച നിർണായകമായ പെനാൽട്ടി എ.ടി.കെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ രക്ഷപ്പെടുത്തിയതാണ് മത്സരം സമനിലയില്‍ കലാശിക്കാന്‍ കാരണമായത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി.

കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിൽ തന്നെ ഇരു ടീമുകളും സ്‌കോർ ചെയ്തു. അഞ്ചാം മിനിറ്റിൽ റെഡീം തലാങ്ങിലൂടെ ഒഡീഷയാണ് ആദ്യം മുന്നിലെത്തിയത്. ഗോൾ വീണ് മിനിറ്റുകൾക്കം എ.ടി.കെ ക്ക് അനുകൂലമായി ഒരു പെനാൽട്ടി ലഭിച്ചു. ഹ്യൂഗോ ബോമസിനെ പെനാൽട്ടി ബോക്‌സിൽ വീഴത്തിയതിന് കിട്ടിയ പെനാൽട്ടി  വലയിലെത്തിച്ച് ജോണി കോക്കോ ടീമിനെ ഒപ്പത്തിനൊപ്പമെത്തിച്ചു. 

 22ാം മിനിറ്റിൽ ഒഡീഷക്ക് അനുകൂലമായി കളിയിലെ അടുത്ത പെനാൽട്ടി ലഭിച്ചു. ഇക്കുറി അരിഡായ് സുവാരസിനെ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽട്ടി. എന്നാൽ കിക്കെടുക്കാനെത്തിയ ജാവിയർ ഹെർണാണ്ടസിന്‍റെ ഷോട്ട് അത്ഭുതകരമായി തട്ടിയകറ്റി ഗോളി അമരീന്ദർ സിങ് എ.ടി.കെ യുടെ രക്ഷകനായി.

ഇഞ്ചുറി ടൈമിൽ എ.ടി.കെ സ്‌ട്രൈക്കർ റോയ് കൃഷണ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സമനിലയോടെ 17 കളികളിൽ നിന്ന് 31 പോയിന്റുമായി എ.ടി.കെ മൂന്നാം സ്ഥാനത്താണ്. 35 പോയിന്റുമായി  ഹൈദരാബാദ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News