'ഇത് ഞങ്ങൾക്ക് ഫൈനൽ പോലെ, ജയിക്കാനായി എല്ലാം നൽകും': ലൗതാരോ
ആദ്യ മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല
ദോഹ: മെക്സിക്കോയ്ക്ക് എതിരെ നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ടീം സമ്മർദത്തിലല്ലെന്ന് അർജന്റീനയുടെ മുന്നേറ്റനിര താരം ലൗതാരോ മാർട്ടിനസ്. ആദ്യ മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. മെക്സിക്കോയെ കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്ന് ലൗതാരോ മാർട്ടിനസ് പറഞ്ഞു.
മെക്സിക്കോയ്ക്ക് എതിരായ മത്സരം ഞങ്ങൾക്ക് ഫൈനൽ പോലെ ആയിരിക്കും. സൗദിയോടേറ്റ തോൽവി ഞങ്ങൾക്ക് കനത്ത പ്രഹരമായിരുന്നു. എന്നാൽ ഒന്നിച്ച് നിൽക്കുന്ന ഐക്യമുള്ള ഗ്രൂപ്പാണ് ഞങ്ങളുടേത്. സംഭവിച്ചത് എന്തുതന്നെ ആയാലും ഇനി വിജയം നേടുന്നതിലേക്ക് മാത്രമാണ് ശ്രദ്ധയെന്നും ലൗതാരോ പറഞ്ഞു. സൗദിക്കെതിരെ തോൽവി ഞങ്ങൾ അർഹിച്ചിരുന്നില്ല. സൗദിക്കെതിരെ ഞങ്ങൾ ആധിപത്യം പുലർത്തിയാണ് കളിച്ചത്. ക്ലോസ് ഓഫ്സൈഡിലൂടെയാണ് തങ്ങൾക്ക് മൂന്ന് ഗോളുകൾ നഷ്ടമായത് എന്നും അർജന്റീനയുടെ മുന്നേറ്റനിര താരം പറയുന്നു.
അതേസമയം, ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താം. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.