ലോക ഫുട്‌ബോളിനെ ഞെട്ടിച്ച ഇറ്റാലിയൻ ദുരന്തം; ഇനി പോർച്ചുഗലിന് കാര്യങ്ങൾ എളുപ്പം
പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പോർച്ചുഗൽ, ക്വാളിഫൈയിങ് പ്ലേഓഫിന് യോഗ്യത നേടി
പ്ലേഓഫ് മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. മത്സരത്തിലുടനീളം സ്വന്തം ഗോൾമുഖം അടച്ചു പ്രതിരോധിച്ച മാസിഡോണിയ എക്സ്ട്രാ ടൈമിലും കെട്ടുപൊട്ടാതെ നോക്കുമോ എന്ന് ഉറ്റുനോക്കിയ ഘട്ടത്തിലാണ് 92-ാം മിനുട്ടിൽ അലക്‌സാണ്ടർ ട്രൈകോവ്‌സ്‌കി മത്സരത്തിലെ ഏകഗോൾ നേടി റോബർട്ടോ മാൻചിനിയുടെ സംഘത്തിന് പുറത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. മിന്നും ഫോമിലുള്ള ഇറ്റലി തുടർച്ചയായി ഇത് രണ്ടാം ലോകകപ്പാണ് നഷ്ടമാക്കുന്നത്.
മറ്റൊരു പ്ലേഓഫിൽ പൊരുതിക്കളിച്ച തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് പോർച്ചുഗൽ, നിർണായകമായ ഫൈനൽ പ്ലേഓഫിന് യോഗ്യത നേടി. നോർത്ത് മാഡിസോണിയയുമായിട്ടായിരിക്കും പറങ്കികളുടെ പ്ലേ ഓഫ് ഫൈനൽ.
ഏഷ്യയിൽ നിന്ന് ജപ്പാനും സൗദി അറേബ്യയും ഈ വർഷം നവംബറിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. സൗദി ചൈനയെ സമനിലയിൽ തളച്ചപ്പോൾ ആസ്‌ത്രേലിയയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ജപ്പാൻ ടിക്കറ്റെടുത്തത്.
ദുരന്തം വന്ന വഴി
കഴിഞ്ഞ വർഷം യൂറോ കപ്പ് നേടിയെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. കരുത്തരായ പോർച്ചുഗൽ അടങ്ങുന്ന ഗ്രൂപ്പിലാണ് റോബർട്ടോ മാൻചിനിയുടെ സംഘത്തിന് കളിക്കേണ്ടി വന്നത്. ഇറ്റലിയും പോർച്ചുഗലും തമ്മിലായിരിക്കും പ്ലേഓഫ് ഫൈനലെന്ന് പരക്കെ കരുതിയിരുന്ന സാഹചര്യത്തിലാണ് മാസിഡോണിയ വൻ അട്ടിമറി നടത്തി ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചത്.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയെങ്കിലും ഇറ്റലിക്ക്, പ്രതിരോധത്തിലൂന്നിയ മാസിഡോണിയക്കാരെ അതിജീവിക്കാൻ കഴിഞ്ഞില്ല. 66 ശതമാനം ബോൾ പൊസഷൻ ഉണ്ടായിരുന്നെങ്കിലും വെറും അഞ്ച് തവണ മാത്രമാണ് അവർക്ക് ഗോളിലേക്ക് ലക്ഷ്യംവെക്കാൻ കഴിഞ്ഞത്.
കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് തോന്നിച്ച ഘട്ടത്തിൽ, ഗോൾകീപ്പറിൽ നിന്ന് തുടങ്ങിയ നീക്കം ബോക്‌സിനു പുറത്തുനിന്നുള്ള ഷോട്ടിലൂടെ വലയിലാക്കിയാണ് അലക്‌സാണ്ടർ ട്രൈകോവ്‌സ്‌കി ഇറ്റലിയുടെ മോഹങ്ങൾ തല്ലിക്കെടുത്തിയത്.
പറങ്കികൾ യോഗ്യതക്കരികെ
രണ്ട് ഗോളിന് പുറകിൽ നിന്ന ശേഷം ഒരു ഗോൾ തിരിച്ചടിക്കുകയും നിർണായക സമയത്ത് പെനാൽട്ടി നഷ്ടപ്പെടുത്തുകയും ചെയ്ത തുർക്കിയെ 3-1 ന് തോൽപ്പിച്ച് ആധികാരികമായാണ് പോർച്ചുഗൽ പ്ലേഓഫിന് യോഗ്യത നേടിയത്. ഗോളടിച്ചും പെനാൽട്ടി നഷ്ടപ്പെടുത്തിയും ബുറാക് യിൽമാസ് തുർക്കിയുടെ ഹീറോയും വില്ലനുമായി. തോറ്റതിനു പിന്നാലെ യിൽമാസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
15-ാം മിനുട്ടിൽ ഒട്ടാവിയോ ആണ് പോർച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. 42-ാം മിനുട്ടിൽ ഡീഗോ ജോട്ട ലീഡുയർത്തി. ഇടവേളക്ക് പിരിയുമ്പോൾ പോർച്ചുഗൽ അർഹിച്ച ലീഡാണ് നിലനിർത്തിയത്. രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച തുർക്കി 65-ാം മിനുട്ടിൽ യിൽമാസിലൂടെ ഒരു ഗോൾ മടക്കി. ശക്തമായ സമ്മർദം ചെലുത്തിയ തുർക്കി 85-ാം മിനുട്ടിൽ പെനാൽട്ടി സമ്പാദിച്ചെങ്കിലും കിക്കെടുത്ത യിൽമാസ് ബാറിനു മുകളിലൂടെ പറത്തി അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. സമനില ഗോളിനായി തുർക്കി ആഞ്ഞുപിടിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ മാത്യു നുനസ് പോർച്ചുഗലിന്റെ ജയമുറപ്പിച്ച് ലക്ഷ്യം കണ്ടു.