ഇവാൻ കൽയൂഷ്‌നി ടീം വിട്ടു: കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടൽ

സൂപ്പർകപ്പിനുള്ള ടീം അംഗമായ കൽയൂഷ്‌നി ഒരു മത്സരം ബാക്കിയിരിക്കെ ടീമിനോട് വിടപറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഞെട്ടിച്ചു

Update: 2023-04-15 06:13 GMT
Editor : rishad | By : Web Desk

ഇവാൻ കൽയൂഷ്‌നി

Advertising

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരതാരം ഇവാൻ കൽയൂഷ്‌നി ടീം വിട്ടു. സൂപ്പർകപ്പിനുള്ള ടീം അംഗമായ കൽയൂഷ്‌നി ഒരു മത്സരം ബാക്കിയിരിക്കെ ടീമിനോട് വിടപറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഞെട്ടിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ആധികാരിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് മാർക്കസ്.

സൂപ്പർകപ്പുമായി ബന്ധപ്പെട്ടുള്ളൊരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാളെ ബംഗളൂരു എഫ്.സിക്കെതിരായ നിർണായക മത്സരത്തിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് കൽയൂഷ്‌നിയുടെ അഭാവം തിരിച്ചടിയായി. സൂപ്പർകപ്പിൽ ശ്രീനിധി ഡെക്കാനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഈ ഉക്രൈൻ താരവും ഉണ്ടായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്, എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു. നേരത്തെ ഇവാൻ കൽയൂഷ്‌നി എയർപോർട്ടിൽ നിൽക്കുന്നതായുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.



താരം നാട്ടിലേക്ക് മടങ്ങുന്നതായുള്ള അഭ്യൂഹവും ശക്തമായി. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുന്നുവെന്ന തരത്തിലായിരുന്നു ആദ്യം പ്രചരിച്ചിരുന്നതെങ്കിലും ടീം വിട്ടതാണെന്നാണ് അറിയുന്നത്. അതേസമയം ബ്ലാസ്റ്റേഴ്‌സോ മാനേജ്‌മെന്റോ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണ് ഇവാൻ കൽയൂഷ്‌നി ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ഏഴ് മത്സരങ്ങളിൽ മഞ്ഞക്കുപ്പായം അണിഞ്ഞു. നാല് ഗോളുകളും നേടി. ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടകളിക്കാരനാകാൻ കൽയൂഷ്‌നിക്കായിരുന്നു. പ്രകടനംകൊണ്ടും മികവ് കൊണ്ടും ആരാധകരെയും മാനേജ്‌മെന്റിനെയും തൃപ്തിപ്പെടുത്താൻ താരത്തിനായി. 

ബ്ലാസ്റ്റേഴ്‌സിൽ സന്തോഷവനാണെന്നും കാര്യങ്ങൾ എന്റെ കയ്യിലല്ലെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം സൂപ്പർകപ്പിൽ നാളത്തെ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിന് നിർണായകമാണ്. മുന്നോട്ടുപോകണമെങ്കിൽ ജയിച്ചെ തീരൂ. ശക്തരായ ബംഗളൂരു എഫ്.സിയാണ് എതിരാളികൾ. ഐഎസ്എല്ലിലെ വിവാദങ്ങൾക്ക് ചുട്ടമറുപടി കൊടുക്കാനുള്ള അവസരം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്. ബംഗളൂരു എഫ്.സി നേടിയ വിവാദ ഗോളിൽ പ്രതിഷേധിച്ച് കളംവിട്ടതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിനും പരിശീലകനും ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പിഴയിട്ടത്. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിക്കഴിഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. 



Summary-Ivan Kalyuzhnyi left Kerala Blasters

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News