'ഇനി വായടച്ച് പണിയെടുക്കണം': നയം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്
യുവകളിക്കാരിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഈ യുവകളിക്കാരിൽ നിന്ന് കൂടുതൽ മികവ് ലഭിക്കാൻ സഹായിക്കുന്ന തരത്തില്‍ വിദേശകളിക്കാരെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എലിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ വൻ പ്രതീക്ഷയിലാണ് കേരളബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെന്ന കാര്യം ഓർത്തുകൊണ്ട് ഒരു പിടി യുവതാരങ്ങളിലും പുതിയ വിദേശ കളിക്കാരിലും വിശ്വാസം അർപ്പിച്ചിരിക്കുകയാണ് സെർബിയക്കാരനായ വുകോമാനോവിച്ച്.
ഒരു ടീം എന്ന നിലയിൽ കഴിഞ്ഞ സീസണിൽ പരാജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. അതിനാൽ തന്നെ വലിയ വർത്തമാനങ്ങൾക്ക് ഇല്ല. ഇനി വായ അടക്കണം. നന്നായി പണിയെടുക്കണം. അതാണ് ഞങ്ങളുടെ ലക്ഷ്യം- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വുകോമാനോവിച്ച് പറഞ്ഞു.
വൻആരാധക പിന്തപുണയുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവർ പട്ടികയിൽ ഒന്നാമത് എത്താൻ അർഹരാണെന്നും എന്നാൽ ഫുട്‌ബോളിൽ ഒരിക്കലും ഒറ്റരാത്രികൊണ്ട് വിജയം നേടാനാകില്ലെന്നും അതിന് ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നുമാണ് വുകോമാനോവിച്ച് പറയുന്നത്. യുവകളിക്കാരിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഓരോ വർഷവും മെച്ചപ്പെടുന്ന ഐസ്എൽ തലത്തിൽ വർഷങ്ങളോളം കളിക്കാൻ കഴിയുന്ന തരത്തിൽ അവർ വളരണം. ഈ യുവകളിക്കാരിൽ നിന്ന് കൂടുതൽ മികവ് ലഭിക്കാൻ സഹായിക്കുന്ന തരത്തില്‍ വിദേശകളിക്കാരെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെറ്റായ ടീം ഈ സീസണിൽ വിജയിക്കും. വിദേശ താരങ്ങളുടെ എണ്ണം കുറയുന്നതോടെ ഇന്ത്യൻ കളിക്കാരുടെ മികച്ചൊരു സംഘത്തെ വാർത്തെടുക്കുന്നവർ മുന്നിലെത്തുമെന്നും അതുകൊണ്ടാണ് യുവകളിക്കാരെ ഞങ്ങൾ പരിശീലിപ്പിച്ചെടുക്കുന്നതെന്നും ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. അതേസമയം പ്രതിരോധ നിര താരം ജെസൽ കാർനെയ്‌റോ ആണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ക്യാപ്റ്റൻ. വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി എ.ടി.കെ മോഹൻ ബഗാനാണ്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. റിസർവ് ടീമിൽ നിന്ന് സച്ചിൻ സുരേഷ്, വി ബിജോയ് എന്നിവർ സീനിയർ ടീമിലെത്തിയതാണ് എടുത്തു പറയാനുള്ളത്. മുൻനിര താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചു.