ഒരു മത്സരം പോലും കളിക്കാതെ സന്ദേശ് ജിങ്കൻ ക്രൊയേഷ്യയില്‍ നിന്ന് മടങ്ങുന്നു; വീണ്ടും മോഹന്‍ ബഗാനില്‍
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന പ്രതിരോധതാരമായ ജിംഗാന്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ലീഗുമായി കരാറൊപ്പിട്ട ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്.
ഇന്ത്യൻ പ്രതിരോധതാരം സന്ദേശ് ജിങ്കൻ ഐ.എസ്.എല്ലിലേക്ക് തിരികെയെത്തി. ക്രൊയേഷ്യൻ ക്ലബ് സിബെനികുമായുള്ള കരാർ ജിങ്കൻ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ സീസൺ അവസാനം ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് മാറിയിരുന്ന ജിങ്കൻ പരിക്ക് കാരണം അവിടെ അരങ്ങേറ്റം പോലും നടത്താൻ ആവാതെയാണ് തിരിച്ചുവരുന്നത്. മോഹൻ ബഗാനുമായി സീസൺ അവസാനം വരെയുള്ള കരാറിൽ ജിങ്കന്‍ ഒപ്പുവെച്ചു. എ.ടി.കെയുമായി നാല് വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് ജിംഗാന്‍ ക്രൊയേഷ്യയിലേക്ക് പറന്നത്.
ക്രൊയേഷ്യയിൽ എത്തിയത് മുതൽ അനുഭവിക്കുന്ന തുടക്കേറ്റ പരിക്കിന്റെ ചികിത്സക്കായി ജിങ്കൻ കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയിരുന്നു. ചികിത്സ കഴിഞ്ഞു പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത ജിങ്കൻ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ കളത്തിലേക്ക് തിരികെയെത്തും.
2021 ഓഗസ്റ്റ് 18 നാണ് ജിംഗാന്‍ ക്രൊയേഷ്യന്‍ ക്ലബ്ബുമായി കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന പ്രതിരോധതാരമായ ജിംഗാന്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ലീഗുമായി കരാറൊപ്പിട്ട ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്.