ബുസ്‌കെറ്റ്‌സിന് പിന്നാലെ ആൽബയും ബാഴ്‌സയോട് ബൈ പറയുന്നു
പതിനൊന്ന് വർഷത്തെ ബാഴ്‌സ ബന്ധമാണ് താരം അവസാനിപ്പിക്കുന്നത്
സൂപ്പർ താരം മെസി തന്റെ മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തകൾ അന്തരീക്ഷത്തിലുണ്ട്. എന്നാൽ ബാഴ്‌സയുടെ സൂപ്പർ താരങ്ങൾ ക്ലബ്ബ് വിടുന്നുന്നതാണ് ഒരുവശത്ത് നടക്കുന്നത്. വർഷങ്ങളുടെ ബാഴ്‌സ ബന്ധം വിച്ഛേദിച്ച് സെർജിയോ ബുസ്‌കെറ്റ്‌സ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുപ്പത്തിനാലുകാരനായ ജോർഡി ആൽബയും ക്ലബ്ബ് വിടുന്നു. പതിനൊന്ന് വർഷത്തെ ബാഴ്‌സ ബന്ധമാണ് താരം അവസാനിപ്പിക്കുന്നത്.
ആൽബ ക്ലബ്ബ് വിടുന്ന കാര്യം ജെറാർഡ് റോമെറോ ആണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലെഫ്റ്റ് ബാക്ക് പ്ലയർക്ക് ഒരു സീസൺ കൂടി കരാർ ബാക്കിയുണ്ട്. 2012ൽ വലൻസിയയിൽ നിന്നുമാണ് ആൽബ ബാഴ്സയിൽ എത്തുന്നത്. പിന്നാലെ ടീമിന്റെ അഭിവാജ്യഘടകമായി താരം മാറി. ലാലീഗ കിരീടം നേടിയ സീസണിൽ തന്നെ പുതിയ തട്ടകത്തിലേക്ക് കൂടുമാറാനാണ് താരത്തിന്റെ തീരുമാനം. എന്നാൽ ട്രാൻസ്ഫർ ആയല്ല, ഫ്രീ എജെന്റ് ആയി തന്നെയാണ് താരം ടീമിനോട് വിട പറയുന്നത്.
സീസണിലെ അവസാന ഹോം മത്സരത്തിൽ ക്യാമ്പ് ന്യൂവിൽ വെച്ച സ്വന്തം കാണികൾക്ക് മുന്നിൽ യാത്രപറയാനായിരിക്കും സ്പാനിഷ് താരത്തിന്റെ തീരുമാനം എന്നും റോമെറോ പറയുന്നു. നേരത്തെ ടീം വിടുമെന്ന് പ്രഖ്യാപിച്ച സെർജിയോ ബുസ്‌കെറ്റ്‌സിനും അന്നേ ദിവസം ടീം യാത്രയപ്പ് നൽകും.
അതേസമയം, ബുസ്‌ക്വറ്‌സിനെ പോലെ തന്നെ ആൽബയുടെയും അടുത്ത തട്ടകം സൗദി ആയേക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ ടീമിന്റെ സുവർണ കാലത്തിൽ ഉണ്ടായിരുന്ന പിക്വേ, ആൽബ, ബുസ്‌കെറ്റ്‌സ് എന്നിവർക്ക് ഒരേ സീസണിൽ ടീമിൽ നിന്നും വിടവാങ്ങുകയാണ്.
18 വർഷത്തിന് ശേഷം ബുസ്‌കെറ്റ്‌സ് ബാഴ്സലോണ വിടുന്നു
പതിനെട്ട് വർഷത്തെ ബാഴ്‌സ കരിയർ അവസാനിപ്പിച്ച് സെർജിയോ ബുസ്‌കെറ്റ്‌സ്. ക്ലബ്ബിനായി നിരവധി കിരീടങ്ങൾ നേടിയ ശേഷമാണ് ബുസ്‌കെറ്റ്‌സ് ജേഴ്‌സി അഴിക്കുന്നത്. താരം സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ബാഴ്‌സലോണ ഓഫർ ചെയ്ത പുതിയ കരാർ മുന്നിലുണ്ടായിട്ടും താരം ക്ലബ്ബ് വിടണമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.'അവിസ്മരണീയമായ യാത്ര അവസാനിപ്പിക്കുന്നു. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഇപ്പോൾ സമയമായി. ഈ ജഴ്സി അണിയാൻ കഴിഞ്ഞത് ഒരു ബഹുമതിയും സ്വപ്നവും അഭിമാനവുമാണ്. എന്നാൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്'- 34 കാരനായ ബുസ്‌കെറ്റ്സ് പറഞ്ഞു.
2005-ൽ ക്ലബ്ബിനൊപ്പം ചേരുന്ന മുൻ സ്പാനിഷ് ക്യാപ്റ്റൻ ബാഴ്സ കുപ്പായത്തിൽ 718 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അണ്ടർ 19 എ ടീമിനൊപ്പം രണ്ട് സീസണുകൾ കളിച്ച ശേഷം പെപ് ഗ്വാർഡിയോള പരിശീലിപ്പിച്ച ബാഴ്സ ബി ടീമിലേക്ക് മാറി. 2008-ൽ ബാഴ്‌സയിൽ അരങ്ങേറ്റ മത്സരം. 15 വർഷത്തെ തന്റെ ബാഴ്സ കരിയറിൽ താരം 18 ഗോളുകൾ നേടുകയും 40 അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ്, മൂന്ന് തവണ ക്ലബ്ബ് വേൾഡ് കപ്പ്, എട്ട് തവണ ലാലീഗ കിരീടം, മൂന്ന് തവണ യുവേഫ സൂപ്പർ കപ്പ്, ഏഴ് കോപ്പ ഡെൽറെ, ഏഴ് തവണ സ്പാനിഷ് സൂപ്പർ കപ്പ് എന്നീ കിരീടങ്ങൾ ബുസ്‌കെറ്റ്സ് ബാഴ്‌സയ്ക്കായി സമ്മാനിച്ചു. ജൂൺ 6 ന് ടോക്കിയോയിൽ വിസൽ കോബെയ്ക്കെതിരെ പ്രഖ്യാപിച്ച സൗഹൃദമത്സരമായിരിക്കും ബുസ്‌കെറ്റ്‌സിന്റെ അവസാന മത്സരം.