‘സൗഹൃദമൊക്കെ ക്ലബിൽ’; നിർണായകമത്സരത്തിന്​ മുന്നോടിയായി വാക്​പോരുമായി താരങ്ങൾ

യൂറോ ക്വാർട്ടറിൽ ജർമനിയും സ്​പെയിനും നേർക്കുനേർ

Update: 2024-07-04 07:26 GMT
Editor : safvan rashid | By : Sports Desk
Advertising

മ്യൂണിക്​: 'വെള്ളിയാഴ്ച ഞങ്ങൾ ടോണി ക്രൂസിന് വിരമിക്കാനുള്ള അവസരമൊരുക്കും'. യൂറോ ക്വാർട്ടർ അങ്കത്തിന് മുമ്പ്​ മാധ്യമങ്ങൾക്ക് മുൻപിൽ സ്പാനിഷ് സ്‌ട്രൈക്കർ ഹൊസെലു രസകരമായൊരു പ്രഖ്യാപനം നടത്തി. ഈ യൂറോയോടെ ദേശീയ ടീമിൽ നിന്ന് വിടപറയുമെന്ന് ടോണി ക്രൂസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജർമനിയുടെ ഈ യൂറോയിലെ പോരാട്ടം സ്‌പെയിനു മുന്നിൽ അവസാനിക്കുമെന്നാണ് ഹൊസെലു പറയാതെ പറഞ്ഞത്. റയൽമാഡ്രിഡിലെ തന്റെ സുഹൃത്ത് കൂടിയായ ഹൊസെലുവിന് മറുപടിയുമായി തൊട്ടുപിന്നാലെ ക്രൂസുമെത്തി. ''അവ​െൻറ ആഗ്രഹം സഫലമാകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. സ്‌പെയിനെതിരെ കടുത്ത മത്സരമാണെന്നറിയാം. ഇത് എന്റെ അവസാന മത്സരമാകില്ല. അതിനായി എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഗ്രൗണ്ടിൽ കാണിക്കും'' ആത്മവിശ്വാസത്തോടെ ക്രൂസ്​ പറഞ്ഞു.

വാക്കുകൾക്കൊണ്ടുള്ള പോരാട്ടം അതിന്റെ വഴിക്ക് നടക്കുമ്പോഴും കളിയിലും കണക്കിലും ഇരുടീമുകളും ഈ യൂറോയിൽ ഏറെ മുന്നിലാണ്. സ്‌പെയിൻ ഇതുവരെ അടിച്ച്കൂട്ടിയത് 9 ഗോളുകൾ. വഴങ്ങിയതാകട്ടെ ഒരേയൊരെണ്ണം. ആതിഥേയരായ ജർമനി പത്തുതവണ എതിരാളികളുടെ ഗോൾവല ഭേദിച്ചു. രണ്ട് തവണയാണ് ഗോൾ വഴങ്ങിയത്. യൂറോപ്പിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ പരിശ്രമിക്കുന്ന രണ്ട് ടീമുകൾ വലിയ തിരിച്ചുവരവിനാണ്​ ഈ യൂറോയിൽ ശ്രമിക്കുന്നത്​. വെള്ളിയാഴ്ച എം.എച്ച്.പി അരീനയിൽ ക്വാർട്ടർ ഫൈനലിൽ ഈ കളിക്കൂട്ടം പന്തുതട്ടുമ്പോൾ മത്സരം അപ്രവചനീയമാകുമെന്നുറപ്പ്. ഫൈനലിനു മു​െമ്പാരു ഫൈനൽ പോരാട്ടം.

1000 പാസിൽ നിന്നും ഗോൾ ലക്ഷ്യമാക്കിയുള്ള ലോങ് പാസിലേക്കുള്ള സ്പാനിഷ് പരിണാമാണ് ഈ ടൂർണമെന്റിൽ കണ്ടത്. പന്ത് കൈവശം വെച്ച് മത്സരത്തിൽ ആധിപത്യം പുലർത്തുകയല്ല. രണ്ടോ മൂന്നോ പാസിലൂടെ എതിരാളികളുടെ വലയിൽ പന്തെത്തിച്ച്​ വിജയം പിടിക്കുകയെന്നതാണ് ഇപ്പോൾ സ്‌പാനിഷ്​ മുദ്രാവാക്യം. ലൂയിസ് എൻറിക്വെയിൽ നിന്ന് ലൂയി ഡെ ലാ ഫുൻഡെയെന്ന പരിശീലകനിലെത്തിയതോടെ കാളക്കൂറ്റൻമാരിൽ വന്ന മാറ്റത്തിന് റിസൾട്ടുകൾ തന്നെയാണ്​ മറുപടി. ജൂലിയൻ നഗ്ലസ്​മാൻ എന്ന 36കാര​​െൻറ കോച്ചിങ് തന്ത്രങ്ങളിൽ വിജയിച്ചുകയറുന്ന ജർമനിയ്ക്കും ഈ യൂറോ ഏറെ സ്‌പെഷ്യലാണ്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തിരിച്ചുവരവിനുള്ള അവസരമായാണ് ഓരോ ജർമൻ താരങ്ങളും കാണുന്നത്.

സ്‌പെയിൻ മധ്യനിരയിൽ റോഡ്രിയും ജർമൻ നിരയിലെ ടോണി ക്രൂസുമാകും ശ്രദ്ധാകേന്ദ്രം. യൂറോയിൽ തന്നെ കൂടുതൽ പാസ് നൽകി മുന്നേറുന്ന ക്രൂസിന് പഴകുംതോറും വീര്യംകൂടിവരികയാണ്. റോഡ്രിയാകട്ടെ ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കുള്ള താരം. സ്‌പെയിൻ ജഴ്‌സിയിലും മാഞ്ചസ്റ്റർ സിറ്റിയിലെ അതേ ഫോം തുടരുന്നു. ജോർജിയക്കെതിരെ റോഡ്രി നിർണായക ഗോൾ നേടിയിരുന്നു. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഓരോഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. അതിന് മുൻപ് യുവേഫ നാഷൺസ് ലീഗിൽ എതിരില്ലാത്ത ആറുഗോളിനാണ് സ്‌പെയിൻ ജർമനിയെ മുക്കിയത്.

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ജർമനി മടങ്ങിയപ്പോൾ പ്രീക്വാർട്ടറിൽ മൊറോക്കോയോട് തോറ്റായിരുന്നു സ്‌പെയ്​നി​െൻറ പടിയിറക്കം. അവിടെനിന്ന് ഇരുടീമുകളുടേയും കളിശൈലി ഏറെ മാറികഴിഞ്ഞു. പരിഷ്‌കരിച്ച ഫുട്‌ബോൾ പതിപ്പുമായാണ് സ്‌പെയിനും ജർമനിയും യൂറോയിലേക്കെത്തിയത്. മികച്ച രണ്ടുടീമുകളിലൊന്ന്​ മടങ്ങുമെന്നതിൽ കാൽപന്ത്​ പ്രേമികൾക്കും നിരാശയുണ്ട്​.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News