'ന്യൂ ബോസ് ഇൻ ടൗൺ'; പുതിയ കോച്ചിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് ക്ലബ് വിട്ട കിബു വിക്കുനയ്ക്ക് പകരമായാണ് ഇദ്ദേഹത്തിന്റെ നിയമനം
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ച് ചുമതലയേറ്റു. സാമൂഹിക മാധ്യമങ്ങൾ വഴി ഇന്ന് പോസ്റ്റ് വീഡിയോയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയത്. ദേർ ഈസ് എ ന്യൂസ് ബോസ് ഇൻ ടൗൺ എന്ന തലവാചകത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ പോസ്റ്റ് ചെയ്തത്.
'നമസ്‌കാരം കേരള, ഞാൻ ഇവാൻ വുകോമനോവിച്ച്, നിങ്ങളെ കാണാൻ ഉടനെത്തുന്നു' എന്നാണ് വീഡിയോയിൽ കോച്ച് പറയുന്നത്. സെർബിയൻ ടാക്ടീഷ്യനായ ഇവാന് രണ്ടു വർഷത്തെ കരാറാണ് ഉള്ളത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് ക്ലബ് വിട്ട കിബു വിക്കുനയ്ക്ക് പകരമായാണ് ഇദ്ദേഹത്തിന്റെ നിയമനം. വാസ്‌ലാൻഡ്-ബെവറെൻ അസിസ്റ്റന്റ് മാനേജർ പാട്രിക് വാൻ കെറ്റ്‌സിനെ പുതിയ അസിസ്റ്റന്റ് കോച്ചായും നിയമിച്ചിട്ടുണ്ട്.
𝗧𝗵𝗲𝗿𝗲'𝘀 𝗮 𝗻𝗲𝘄 𝗯𝗼𝘀𝘀 𝗶𝗻 𝘁𝗼𝘄𝗻. 🤩
— K e r a l a B l a s t e r s F C (@KeralaBlasters) June 17, 2021
SWAGATHAM, @ivanvuko19! 🙌🏼💛#SwagathamIvan #YennumYellow pic.twitter.com/bUYNcQteUn
ഇവാൻ വുകോമാനോവിച്ചിന്റെ കരിയർ
43കാരനായ ഇവാൻ കോച്ചിങ് കരിയർ ആരംഭിക്കുന്നത് ബൽജിയൻ പ്രോ ലീഗ് ക്ലബ് സ്റ്റാൻഡേഡ് ലിഗെയ്ക്കൊപ്പമാണ്. അസിസ്റ്റന്റ് കോച്ചായി ആയിരുന്നു തുടക്കം. ഇക്കാലയളവിൽ യൂറോപ്പ ലീഗ് കളിച്ചിട്ടുണ്ട് ലിഗെ. 2014 ഒക്ടോബറിൽ ഹെഡ് കോച്ചായി. 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളിൽ ക്ലബിനെ പരിശീലിപ്പിച്ചു.
ഇക്കാലത്ത് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ സെവിയ്യയ്ക്കെതിരെ ടീം ഗോൾ രഹിത സമനില നേടിയിരുന്നു. ഹെഡ് കോച്ചായ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
2016ൽ സ്ലോവാക് സൂപ്പർ ലീഗാ ക്ലബ് ആയ സ്ലോവാൻ ബ്രാറ്റിസ്ലാവയുടെ കോച്ചായി ചുമതലയേറ്റു. 2016-17 സീസണിൽ 34 കളികളിൽ നിന്ന് വെറും എട്ടു കളികൾ മാത്രമാണ് ടീം തോറ്റത്. ലീഗിൽ ക്ലബ് രണ്ടാമതെത്തുകയും ചെയ്തു. തോൽവിയേറ്റു വാങ്ങാതെ ക്ലബിനെ സ്ലോവാക് കപ്പ് ജേതാക്കളാക്കുകയും ചെയ്തു. അടുത്ത സീസണിൽ 22 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രാണ് ടീം തോറ്റത്. 2017ൽ എഫ്സി സെനിക്കയുമായുള്ള മത്സരത്തിന് പിന്നാലെ ക്ലബുമായി വഴിപിരിഞ്ഞു.
രണ്ടു വർഷത്തിന് ശേഷം സൈപ്രസ് ടോപ് ഡിവിഷൻ ക്ലബായ അപ്പോളൻ ലിമാസ്സലിന്റെ കോച്ചായി. നാലു മത്സരങ്ങളിൽ മാത്രമേ ക്ലബിനെ പരിശീലിപ്പിച്ചുള്ളൂ. ആ ടീമിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ഫാക്കുണ്ടോ പെരേരയും ഉണ്ടായിരുന്നു. 2019 ഒക്ടോബർ മുതൽ ഇവാൻ ഒരു ക്ലബിനെയും പരിശീലിപ്പിക്കുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ.
കളിക്കാരൻ എന്ന നിലയിൽ 250ലേറെ മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട് ഈ സെർബിയക്കാരൻ. സ്ലോബോദാ ക്ലബിലൂടെയായിരുന്നു അരങ്ങേറ്റം. ഫ്രഞ്ച് ലീഗിലെ ബോർഡക്സ്, ബുണ്ടസ് ലീഗയിലെ എഫ്സി കൊലോൺ, ബൽഗ്രേഡിലെ റെഡ് സ്റ്റാർ, റഷ്യയിലെ ഡൈനാമോ സ്പാർടക് തുടങ്ങി വിവിധ ക്ലബുകൾക്കായി കളിച്ച അനുഭവ സമ്പത്തുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർബാക്കായുമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം ഡിപ്പാർട്മെന്റായ ഡിഫൻസിൽ സെർബിയക്കാരന്റെ കൈയിൽ മരുന്നുണ്ടെന്ന് കരുതാം.
എത്തും പുതിയ വിദേശ കളിക്കാർ
അതിനിടെ, ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ എല്ലാ വിദേശ കളിക്കാരുമായുള്ള കരാറും ക്ലബ് റദ്ദാക്കിയിട്ടുണ്ട്. വിസന്റെ ഗോമസ്, ഗാരി ഹൂപ്പർ, ഫാക്കുണ്ടോ പെരേര, ജോർഡാൻ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയൻസു എന്നിവരുമായുള്ള കരാർ ആണ് ക്ലബ് അവസാനിപ്പിച്ചത്. പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ചിനെ തീരുമാനിച്ച് ദിവസങ്ങൾക്കകമായിരുന്നു ക്ലബിന്റെ നടപടി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. തുടർതോൽവികൾക്കിടെ കോച്ച് കിബു വിക്കുന രാജിവച്ചതും ക്ലബിന് തിരിച്ചടിയായി. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഗാരി ഹൂപ്പറിന് പെരുമയ്ക്കൊത്ത് ഉയരാനായില്ല. ഓസീസ് താരം ജോർദാൻ മറെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് താരം കൂടുമാറിയേക്കുമെന്നാണ് റിപ്പോർട്ട്.