സഞ്ജീവിനെയും വിറ്റ് ബ്ലാസ്റ്റേഴ്‌സ്; കലിപ്പടങ്ങാതെ ആരാധകർ

ക്ലബ്ബിലെത്തിയ ശേഷം എട്ട് മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും കിട്ടിയ അവസരങ്ങളിലെല്ലാം നല്ലത് പറയിക്കുകയും ചെയ്ത താരത്തെ വിട്ടുനൽകുന്നതിൽ ആരാധകർ അസ്വസ്ഥരാണ്...

Update: 2022-07-04 13:31 GMT
Editor : André | By : André
Advertising

യുവതാരം സഞ്ജീവ് സ്റ്റാലിനെ കരുത്തരായ മുംബൈ സിറ്റി എഫ്.സിക്ക് വിറ്റ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ആരാധകർ. പ്രതിരോധനിരയിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെടുന്ന 21-കാരനെ ട്രാൻസ്ഫർ ചെയ്തത് തെറ്റായ തീരുമാനമാണെന്നും ഇതിലും ഭേദം കേരള ബ്ലാസ്‌റ്റേഴ്‌സിന് 'മാൻപവർ ഏജൻസി' തുടങ്ങുകയാണെന്നും ആരാധകർ പ്രതികരിക്കുന്നു. സഞ്ജീവിന്റെ ട്രാൻസ്ഫർ സംബന്ധിച്ച ബ്ലാസ്റ്റേഴ്‌സിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്‌സിലാണ് പൊങ്കാല.

'സഞ്ജീവ് സ്റ്റാലിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് മുംബൈ സിറ്റി എഫ്.സിയുമായി കരാറിലെത്തിയ കാര്യം ക്ലബ്ബ് സ്ഥിരീകരിക്കുന്നു. പുതിയ വെല്ലുവിളി ഏറ്റെടുക്കുന്ന സഞ്ജീവിന് ആശംസകൾ നേരുന്നു. ഞങ്ങൾക്കൊപ്പം ചെലവഴിച്ച വർഷത്തിന് നന്ദി...' എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'താങ്ക് യൂ സഞ്ജീവ്' എന്നെഴുതിയ പോസ്റ്ററിനൊപ്പമായിരുന്നു ഇത്.

എന്നാൽ, 2021-ൽ ക്ലബ്ബിലെത്തിയ ശേഷം എട്ട് മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും കിട്ടിയ അവസരങ്ങളിലെല്ലാം നല്ലത് പറയിക്കുകയും ചെയ്ത താരത്തെ വിട്ടുനൽകുന്നതിലുള്ള അതൃപ്തി ആരാധകർ മറച്ചുവെച്ചില്ല.

'ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോട് ഒരു എളിയ അഭ്യർത്ഥന: നിങ്ങൾ ഒരു മാൻപവർ ഏജൻസി തുടങ്ങുന്നതാണ് നല്ലത്. അതിലൂടെ പണമുണ്ടാക്കാം...' എന്നാണ് റോഷൻ രാജ് എന്ന ആരാധകൻ കമന്റ് ചെയ്തത്. 'ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റേത് ഏത് തരത്തിലുള്ള പ്ലാനിങ് ആണെന്ന് മനസ്സിലാകുന്നില്ല. വല്ലാത്ത വിഷമം തോന്നുന്നു. ടീം ഷീറ്റിലുള്ള നല്ല പേരുകളെയെല്ലാം ട്രാൻസ്ഫർ ചെയ്യുന്നു. ഈ ടീമിനെ ഒരു ചാമ്പ്യൻ ടീം ആക്കാൻ തന്നെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?' - വേണു ശരത്ചന്ദ്രൻ ചോദിക്കുന്നു. 'മികച്ച പ്ലെയേഴ്‌സ് ആയി വളർത്തിയെടുത്തിട്ട് മറ്റ് ക്ലബ്ബുകൾക്ക് ഉദാരമായി നൽകുന്ന മാതൃകാ ടീം... നല്ലതാ. മാനേജ്‌മെന്റ് കീപ് ഗോയിങ്' - എന്നാണ് ഗ്രിഗറി ജോർജ് വിഷമം പങ്കുവെക്കുന്നത്.

ടീമിന്റെ ഫസ്റ്റ് ഓപ്ഷൻ ലെഫ്റ്റ് ആകാൻ യോഗ്യതയുള്ള താരമാണ് സഞ്ജീവ് എന്നും ഇത്രയും നല്ലൊരു പ്രതിഭയെ പോകാൻ അനുവദിക്കുന്നത് മണ്ടത്തരമാണെന്നും മറ്റ് ആരാധകരും പറയുന്നു. 'അടുത്തത് ഹോർമി. അല്ലെങ്കിൽ പുയ്തിയ. ഇതിൽ ആരെയെങ്കിലും കൊടുത്തിട്ട് ഒരു ലോകദുരന്തത്തിനെ കൊണ്ടുവരും. കാത്തിരിക്കൂ...' എന്നാണ് ഷനോജ് പ്രസാദ് പ്രവചിക്കുന്നത്. നല്ല കളിക്കാരെ വളർത്തിയെടുത്ത് വിൽപ്പന നടത്തുന്ന ബൊറുഷ്യ ഡോട്മുണ്ടിനെ പോലെ ആകാനാണോ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നതെന്ന് മറ്റൊരു ആരാധകൻ ചോദിക്കുന്നു.

 

അതേസമയം, എന്തെങ്കിലും കാണാതെ കോച്ച് വുകുമാനോവിച്ച് സഞ്ജീവിനെപ്പോലുള്ള ഒരു കളിക്കാരനെ പോകാൻ അനുവദിക്കില്ലെന്ന് ആശ്വസിക്കുന്നവരുമുണ്ട്. പ്രതിരോധത്തിൽ ഉയരമുള്ള കളിക്കാരാണ് വേണ്ടതെന്നും ആ മേഖലയിൽ കരുത്തർ വരുമെന്ന് കരുതുന്നതായും മറ്റ് ചില ആരാധകരും ശുഭാപ്തി വിശ്വാസം പങ്കുവെക്കുന്നു.

 

ബാംഗ്ലൂരിൽ ചെറുകിയ വസ്ത്ര വ്യാപാരം നടത്തുന്ന പിതാവിന്റെയും ബർമയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മാതാവിന്റെ മകനായി ജനിച്ച സഞ്ജീവ് സ്റ്റാലിൻ 2017-ൽ അണ്ടർ 17 ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ കൊളംബിയക്കെതിരെ ജീക്‌സൺ സിങ് നേടിയ ഗോളിന് വഴിയൊരുക്കിയത് സഞ്ജീവ് ആയിരുന്നു. ഇന്ത്യൻ ആരോസിൽ കളിച്ച് മികവ് തെളിയിച്ച താരം പിന്നീട് പോർച്ചുഗലിൽ സി.ഡി ആവെസ് എന്ന ക്ലബ്ബിന്റെ അണ്ടർ 19, അണ്ടർ 23 ടീമുകൾക്കു വേണ്ടി കളിച്ചു. 2020-ൽ പോർച്ചുഗീസ് മൂന്നാം ഡിവിഷനിൽ സെർത്തനെൻസിനു വേണ്ടിയും താരം ബൂട്ടുകെട്ടി.

2021 മാർച്ചിലാണ് മൂന്നു വർഷ കരാറിൽ ബ്ലാസ്‌റ്റേഴ്‌സ് സഞ്ജീവിനെ സ്വന്തമാക്കിയത്. ഡ്യുറണ്ട് കപ്പിൽ ബെംഗളുരു എഫ്.സിക്കെതിരെയായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ ഐ.എസ്.എല്ലിൽ ഹൈദരാബാദിനെതിരെ അരങ്ങേറിയ താരം ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.

(Kerala Blasters fans are angry about Sanjeev Stalin leaving club in a transfer to Mumbai City FC)

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News