മുന്നേറ്റനിരയ്ക്ക് കരുത്തുപകരാൻ ഗ്രീക്ക് താരം; ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സിൽ
ഗ്രീസ് ദേശീയ ടീമിനായി ഡയമാന്റകോസ് അഞ്ച് തവണ കളത്തിലിറങ്ങിയിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്
കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ. ഡയമാന്‍റകോസുമായി കരാറിലെത്തിയ വാർത്ത ക്ലബ് സ്ഥിരീകരിച്ചു. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് എച്ച്.എൻ.കെ ഹയ്ദുക് സ്പ്ളിറ്റിൽനിന്നാണ് 29കാരനായ മുന്നേറ്റതാരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഗ്രീക്ക് ക്ലബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയോസ് കരിയർ ആരംഭിച്ചത്. 2009ൽ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനത്തിനു പിന്നാലെ ക്ലബിന്റെ സീനിയർ ടീമിലും ഇടംലഭിച്ചു. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബുകളായ പനിയോനിയോസ് ഏഥൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്.സി എന്നിവയ്ക്കായി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. ഒളിമ്പിയാകോസിൽ തിരിച്ചെത്തുന്നതിനു മുൻപ് 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിമ്പിയാകോസിൽ 17 കളിയിൽ നാല് ഗോളും നേടി.
2015ൽ ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കാൾഷ്രുഹെർ എസ്.സിയിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബുമായി സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വി.എഫ്.എൽ ബോചും എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ നൂറിൽകൂടുതൽ മത്സരങ്ങളിൽനിന്ന് 34 ഗോളിനൊപ്പം എട്ട് അസിസ്റ്റും നടത്തി.
2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് ഹയ്ദുക് സ്പ്ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. ടീമിനായി 30ലേറെ മത്സരങ്ങളിൽ കളിച്ചു. ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് ഇസ്രയേലി ക്ലബ് എഫ്.സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് കളിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളും നേടി. യൂറോപ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പവുമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.
കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിൽ അതിയായ ആവേശത്തിലാണെന്ന് താരം പ്രതികരിച്ചു. ഇതൊരു വലിയ വെല്ലുവിളിയാണ്. ക്ലബ്ബിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ ഞാൻ എല്ലാം ചെയ്യുമെന്നും ദിമിത്രിയോസ് പറഞ്ഞു.
ഈ സമ്മറിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാനത്തെ വിദേശതാര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്. മുന്നേറ്റനിരയ്ക്ക് ദിമിത്രിയോസ് കൂടുതൽ കരുത്തുപകരുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ മുന്നൊരുക്കത്തിനായി ക്ലബ് നിലവിൽ യു.എ.ഇയിലാണ്. യാത്രാ അനുമതി, മെഡിക്കൽ പരിശോധന എന്നിവയ്ക്കുശേഷം ഡയമാന്റകോസ് ദുബൈയിൽ സഹതാരങ്ങൾക്കൊപ്പം ചേരും.
Summary: Kerala Blasters FC announced the signing of Greek striker Dimitrios Diamantakos