ബിഗ് ഫൈവ് ലീഗിലെ പുലി; ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിലേക്ക് വിദേശതാരം | Rumour
മോണ്ടെനെഗ്രോക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരത്തെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്
മോണ്ടിനെഗ്രോ ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റി മുൻ താരവുമായ സ്റ്റീവൻ ജൊവെറ്റിച്ചിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. താരവുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി വിവിധ കായിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇംഗ്ലണ്ട്, ജർമനി, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലെ ലീഗിൽ (ബിഗ് ഫൈവ് ലീഗ്) പന്തു തട്ടിയ അനുഭവസമ്പന്നനാണ് ജൊവെറ്റിച്ച്. അഞ്ചു ലീഗിലും ഗോളടിച്ച കളിക്കാരനെന്ന ഖ്യാതിയും താരത്തിനുണ്ട്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനു വേണ്ടിയാണ് അവസാനം ബൂട്ടുകെട്ടിയത്. ട്രാൻസ്ഫർ വിപണിയിൽ 5.6 കോടി മൂല്യമാണ് താരമാണ്.
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, സെവില്ല, മൊണാക്കോ, ഫിയറന്റീന തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2008-2013 വർഷങ്ങളിൽ ഫിയറന്റീനയ്ക്ക് വേണ്ടി 116 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 35 ഗോളും നേടി. 2013ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. 2016 വരെ പ്രീമിയർ ലീഗായിരുന്നു തട്ടകം. 30 മത്സരങ്ങളിൽനിന്ന് എട്ടു ഗോൾ നേടി. വായ്പാടിസ്ഥാനത്തിൽ 2015-16 വർഷം ഇന്റർമിലാനിൽ കളിച്ചു. അടുത്ത വർഷം സെവിയ്യയിലും. സെവിയ്യയ്ക്കായി 21 മത്സരവും ഇന്റർമിലാനു വേണ്ടി അഞ്ചു മത്സരവും കളിച്ചു. 2017ൽ ഫ്രഞ്ച് വമ്പന്മാരായ മൊണോക്കോയിലെത്തി. അഞ്ചു വർഷത്തിനിടെ 61 മത്സരത്തിൽ കളത്തിലിറങ്ങി. 18 ഗോളും നേടി. ഇറ്റലിയിൽനിന്ന് ജർമൻ ക്ലബ്ബായ ഹെർത്ത ബി.എസ്.സിയിലേക്കും അവിടെ നിന്ന് ഒളിംപിയാക്കോസിലേക്കുമാണ് കൂടുമാറിയത്. ഒളിംപിയാക്കോസിനായി 21 മത്സരങ്ങളിൽനിന്ന് ആറു ഗോളുകൾ സ്വന്തമാക്കി.
ബാൾക്കൻ രാജ്യമായ മോണ്ടെനെഗ്രോക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ്. ഇതുവരെ 36 ഗോളാണ് സ്‌ട്രൈക്കർ ദേശീയ ടീമിനു വേണ്ടി അടിച്ചുകൂട്ടിയത്. ക്ലബ്, അന്താരാഷ്ട്ര കരിയറിൽ നേരിട്ടുള്ള ഒരു റെഡ് കാർഡ് പോലും കിട്ടാത്ത കളിക്കാരൻ എന്ന ഖ്യാതിയും ജൊവെറ്റിച്ചിനുണ്ട്.
ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരനെയാണ് ബ്ലാസ്റ്റേഴ്‌സ് അന്വേഷിക്കുന്നത്. രണ്ടു വർഷം നീണ്ട കരിയറിന് ശേഷമാണ് ഡയമന്റകോസ് ടീം വിട്ടത്. 13 ഗോളുമായി കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു താരം. മറ്റു ടീമുകളെല്ലാം വിദേശ സൈനിങ് പൂർത്തിയാക്കിയപ്പോൾ കേരള ടീമിന്റെ അന്വേഷണം അവസാനിച്ചിരുന്നില്ല.
ഇത്തവണ മുന്നേറ്റനിരയിലേക്ക് ഗോവയിൽ നിന്ന് മൊറോക്കൻ താരം നോഹ സെദൂയിയെ ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ക്വാമി പെപ്രയും ടീമിലുണ്ട്. പരിക്കു പറ്റിയ ഓസീസ് താരം ജോഷ്വ സൊറ്റിരിയോയെ ടീം ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടുണ്ട്. പ്രതിരോധത്തിലെ വിദേശതാരം അലക്‌സാണ്ടർ സിയോഫ് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു. മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചാണ് പ്രതിരോധത്തിലെ മറ്റൊരു വിദേശതാരം.